30 വര്‍ഷത്തിനുശേഷം കാന്‍ ചലച്ചിത്രമേളയിലേക്ക് ഒരു ഇന്ത്യൻ സിനിമ

single-img
12 April 2024

കാന്‍ അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ മത്സരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട് പായല്‍ കപാഡിയ സംവിധാനംചെയ്ത ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്. ഇത് 30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ ചിത്രം കാന്‍ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

പായലിന്റെ പ്രഥമ സംവിധാനസംരംഭം കൂടിയാണ് ഈ ചിത്രം. അടുത്തമാസം 14 മുതല്‍ 25 വരെയാണ് മേള നടക്കുന്നത്. ഷാജി എന്‍. കരുണ്‍ സംവിധാനംചെയ്ത് 1994-ല്‍ പുറത്തിറങ്ങിയ സ്വം ആണ് ഇതിനുമുമ്പ് കാന്‍ ചലച്ചിത്രമേളയില്‍ പാം ഡിയോര്‍ പുരസ്‌കാരത്തിനായി മത്സരിച്ചത്.

ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് കാനില്‍ മത്സരിക്കുന്നുവെന്ന് ചലച്ചിത്രമേളയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്രാന്‍സിസ് ഫോര്‍ഡ് കോപ്പോള, ഷോണ്‍ ബേക്കര്‍, യോര്‍ഗോസ് ലാന്തിമോസ്, പോള്‍ ഷ്രെയ്ഡര്‍, മാഗ്‌നസ് വോണ്‍ ഹോണ്‍, പൗലോ സൊറെന്റീനോ തുടങ്ങിയ പ്രഗത്ഭരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് പായലിന്റെ ചിത്രവും മത്സരിക്കുക.

ലേഡിബേര്‍ഡ്, ബാര്‍ബി എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായിക ഗ്രെറ്റ ഗെര്‍വിഗാണ് ജൂറി അധ്യക്ഷ. നിരവധി പേരാണ് ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിന്റെ ചരിത്രനേട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇന്തോ-ഫ്രഞ്ച് സംയുക്ത നിര്‍മാണ സംരംഭമാണ് ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്. പ്രഭ എന്ന നഴ്‌സിന്റെ കഥയാണ് ചിത്രം സംസാരിക്കുന്നത്.

മലയാളികളായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തില്‍ മുഖ്യവേഷത്തില്‍. പായല്‍ കപാഡിയ സംവിധാനംചെയ്ത ചിത്രങ്ങള്‍ മുമ്പും വിവിധ ചലച്ചിത്രമേളകളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പായല്‍ സംവിധാനംചെയ്ത എ നൈറ്റ് നോയിങ് നത്തിങ് എന്ന ചിത്രം 2021-ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോള്‍ഡന്‍ ഐ പുരസ്‌കാരം നേടിയിരുന്നു.