അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തും; ക്രമസമാധാനം ഉറപ്പാക്കാന്‍ പഞ്ചാബില്‍ പൊലീസ് സുരക്ഷ ശക്തമാക്കി

single-img
23 April 2023

/

ഖാലിസ്ഥാന്‍ അനുകൂല നേതാവ് അമൃത്പാല്‍ സിംഗിന് മുന്നില്‍ കീഴടങ്ങുകയല്ലാതെ മറ്റ് വഴികള്‍ ഇല്ലായിരുന്നുവെന്ന് പഞ്ചാബ് പൊലീസ്.

ഇയാള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്നും അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്നും പൊലീസ് അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കാന്‍ പഞ്ചാബില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 6.45 നാണ് അമൃത്പാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു.

പഞ്ചാബിലെ മോഗയില്‍ ഗുരുദ്വാരയില്‍ നിന്നുള്ള അമൃത്പാലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ നേതാവാണ് അമൃത്പാല്‍ സിങ്. റോഡ് അപകടത്തില്‍ മതമൗലിക നേതാവ് ദീപ് സിദ്ധു മരിച്ചതിന് ശേഷമാണ് അമൃത്പാല്‍ വാരിസ് പഞ്ചാബ് ദേ സംഘടനയുടെ തലപ്പത്ത് എത്തിയത്. ആയുധധാരികളായ സംഘത്തിനൊപ്പമാണ് അമൃത്പാലിന്റെ സഞ്ചാരം.

ഫെബ്രുവരി 23 ന് പഞ്ചാബില്‍ ഉണ്ടായ വന്‍ സംഘര്‍ഷം അമൃത്പാല്‍ ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് ആരോപിക്കുന്നു. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന ലവ്പ്രീതി സിങിനെ അജ്നാന പൊലീസ് പിടികൂടിയിരുന്നു. അമൃത്പാലി‍ന്‍റെ അനുചരന്മാര്‍ ആയുധങ്ങളുമായി പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച്‌ കയറിയിരുന്നു. തട്ടിക്കൊണ്ടു പോകല്‍ അടക്കമുള്ള കുറ്റങ്ങള്‍ അമൃത്പാലിനെതിരെ നിലവിലുണ്ട്.