അമല പോളിന്റെ പരാതി; മുൻ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു
തെന്നിന്ത്യൻ താരം അമല പോൾ 2014 മുതൽ 2017 വരെ സംവിധായകൻ എ എൽ വിജയ്‌യെ വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു . എന്നാൽ പൊരുത്തപ്പെടാനാകാത്ത അഭിപ്രായവ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി പരസ്പര സമ്മതത്തോടെ അവർ വിവാഹമോചനം നേടി. 2019-ൽ തന്റെ ‘ആടൈ’ എന്ന സിനിമയുടെ പ്രമോഷൻ വേളയിൽ താൻ ഒരാളുമായി ബന്ധത്തിലാണെന്നും പിന്നീട് അയാളുടെ വ്യക്തിത്വം വെളിപ്പെടുത്തുമെന്നും അമല പറഞ്ഞിരുന്നു.
2020 മാർച്ചിൽ മുംബൈ ആസ്ഥാനമായുള്ള ഗായകനായ ഭവ്നീന്ദർ സിംഗ് താനും അമലയും പഞ്ചാബി ശൈലിയിലുള്ള വിവാഹത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അത് വൈറലായി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ അയാൾ ആ ഫോട്ടോകൾ പിൻവലിക്കുകയും ചെയ്തിരുന്നു. തന്റെ സമ്മതമില്ലാതെ ഫോട്ടോകൾ പോസ്റ്റ് ചെയ്യുകയും ബ്ലാക്ക് മെയിൽ ചെയ്യുകയുമാണെന്ന് ചൂണ്ടിക്കാട്ടി നടി പിന്നീട് സിംഗിനെതിരെ പരാതി നൽകിയിരുന്നു . തങ്ങൾ ഒരുമിച്ച് ചിത്രീകരിച്ച ഒരു വിവാഹ തീം ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണെന്നും അവർ വ്യക്തമാക്കി.
അമലയും ഭവ്നീന്ദർ സിങ്ങും കുടുംബവും ചേർന്ന് ഒരു സിനിമാ നിർമ്മാണ കമ്പനി ആരംഭിച്ചെങ്കിലും അവർ തന്റെ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നും അമല പോൾ ആരോപിച്ചിരുന്നു. തനിക്ക് മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നാണ് മുപ്പതുകാരിയായ നടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പരാതിയിന്മേൽ ഇന്ന് രാവിലെ പോലീസ് ഭവ്നീന്ദർ സിങ്ങിനെ അറസ്റ്റ് ചെയ്യുകയും ഐപിസി സെക്ഷൻ 16 പ്രകാരം കേസെടുക്കുകയും ചെയ്തു.