ശിവരാത്രി ആഘോഷങ്ങള്‍ക്കൊരുങ്ങി ആലുവ മണപ്പുറം

single-img
18 February 2023

ശിവരാത്രി ആഘോഷങ്ങള്‍ക്കൊരുങ്ങി ആലുവ മണപ്പുറം. കോവിഡ് നിയന്ത്രണത്തിനു ശേഷമുള്ള ആദ്യത്തെ ശിവരാത്രി ആഘോഷമായതിനാല്‍ ഇത്തവണ തിരക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബലിതര്‍പ്പണത്തിനായി ഇത്തവണ പെരിയാര്‍ തീരത്ത് 116 ബലിത്തറകള്‍ ഒരുക്കിയിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് രണ്ട് ദിവസം ആലുവയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇന്ന് വൈകീട്ട് തുടങ്ങുന്ന ബലിതര്‍പ്പണ ചടങ്ങുകള്‍ നാളെ രാവിലെ വരെ നീളും. ഒരേസമയം 2000 പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമാണ് മണപ്പുറത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുള്ളത്. ആലുവ നഗരസഭ, പൊലീസ്, അഗ്നിരക്ഷസേന തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ശിവരാത്രി നാളില്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് തന്ത്രി മുല്ലേപ്പിള്ളി ശങ്കരന്‍ നമ്ബൂതിരി നേതൃത്വം നല്‍കും. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് അന്നദാനവും ഒരുക്കുന്നുണ്ട്.

മഹാശിവരാത്രി പ്രമാണിച്ച്‌ ആലുവയില്‍ രണ്ട് ദിവസം മദ്യ നിയന്ത്രണം ഏ‌ര്‍പ്പെടുത്തി. ഇന്ന് രാവിലെ ആറ് മണി മുതല്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് നിയന്ത്രണം. ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ ഉള്‍പ്പടെയുള്ള മദ്യശാലകള്‍ തുറക്കരുതെന്ന് ജില്ലാകലക്ടര്‍ അറിയിച്ചിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് നാല് മുതല്‍ നാളെ ഉച്ചയ്ക്ക് രണ്ടു വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. സുരക്ഷയ്ക്ക് 1200 പോലീസുകാരെ വിന്യസിക്കും.

സുരക്ഷക്കായി ആയിരത്തിലധികം പൊലീസുകാരെയാണ് വിനിയോഗിക്കുക. കെഎസ്‌ആര്‍ടിസി 210 പ്രത്യേക സര്‍വ്വീസുകള്‍ നടത്തും. സ്വകാര്യ ബസുകള്‍ക്ക് സ്‌പെഷ്യല്‍ പെര്‍മിറ്റ് നല്‍കും. ആലുവയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി മെട്രോ അധിക സര്‍വ്വീസ് നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.