രാജ്യഭരണം കേന്ദ്രസർക്കാരിലേക്ക് മാത്രമായി ചുരുക്കാനാണ് ഉദ്ദേശമെങ്കിൽ എല്ലാ സംസ്ഥാന സർക്കാരുകളെയും പിരിച്ചുവിടണം: ജോൺ ബ്രിട്ടാസ് എംപി

single-img
8 December 2022

രാജ്യഭരണം കേന്ദ്രസർക്കാരിലേക്ക് മാത്രമായി ചുരുക്കാനാണ് ഉദ്ദേശമെങ്കിൽ എല്ലാ സംസ്ഥാന സർക്കാരുകളെയും പിരിച്ചുവിടണമെന്ന് ജോൺ ബ്രിട്ടാസ് എംപി. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ കേന്ദ്ര സർക്കാരിന്റെ എല്ലാ നടപടികളിലും കാണാനാകുമെന്നും ഫെഡറൽ സംവിധാനത്തിന്റെ തത്വങ്ങളെ ലംഘിച്ചു കൊണ്ടുള്ള നിയമനിർമ്മാണങ്ങളുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ” പ്രതിപക്ഷത്തെ പല കക്ഷികളും കേന്ദ്രസർക്കാരിന്റെ ദുരുദ്ദേശങ്ങളെ കുറിച്ച് ബോധവാന്മാരല്ല. രാജ്യഭരണം കേന്ദ്രസർക്കാരിലേക്ക് മാത്രമായി ചുരുക്കാനാണ് ഉദ്ദേശമെങ്കിൽ എല്ലാ സംസ്ഥാന സർക്കാരുകളെയും പിരിച്ചുവിടണം. പ്രതിപക്ഷപാർടികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ ദുർബലപ്പെടുത്താനായുള്ള പദ്ധതിയാണ് കേന്ദ്രസർക്കാരിന്. അത് നടക്കാത്തപ്പോൾ സംസ്ഥാനഭരണത്തെ തടസ്സപ്പെടുത്താനും അപകീർത്തിപ്പെടുത്താനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.

അന്താരാഷ്ട്ര ധാരണകളുടെ അടിസ്ഥാനത്തിൽ നിയമത്തിൽ കൊണ്ടുവരുന്ന അഴിച്ചുപണികൾ എന്ന വ്യാജേനയാണ് വന്യജീവി സംരക്ഷണ നിയമത്തിൽ ഇത്തരം ഭേദഗതി കൊണ്ടുവരാൻ ശ്രമിക്കുന്നത്. സംസ്ഥാന സർക്കാരുകൾക്ക് അതാതു സംസ്ഥാനങ്ങളിലെ വന്യജീവി ബോർഡുകളുമായി ചർച്ച ചെയ്ത് തീരുമാനിക്കാമായിരുന്ന പല കാര്യങ്ങളും കേന്ദ്രം ദേശീയ വന്യജീവി ബോർഡിന്റെ അധികാര പരിധിയിലേക്ക് മാറ്റുകയാണ്.

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിലും പ്രധാനം കടുവകൾക്ക് ഭക്ഷ്യലഭ്യത ഉറപ്പാക്കുകയാണെന്ന് വനം മന്ത്രി പറയുന്നു. സംസ്ഥാനത്ത് ജനവാസ മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നതിനെ തുടർന്ന് ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാനസർക്കാരിനു നൽകേണ്ടതാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കടന്നുകയറാതെയും ജനജീവിതത്തെ സംരക്ഷിക്കുന്നതിനായും ഭേദഗതിയിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.” – അദ്ദേഹം പറഞ്ഞു.