വിദേശത്ത് നിന്നെത്തുന്ന വിമാനയാത്രക്കാര്‍ക്ക് വീണ്ടും കൊവിഡ് പരിശോധന

single-img
23 December 2022

ദില്ലി: വിദേശത്ത് നിന്നെത്തുന്ന വിമാനയാത്രക്കാര്‍ക്ക് വീണ്ടും കൊവിഡ് പരിശോധന. നാളെ മുതല്‍ രാജ്യത്ത് എത്തുന്ന ഓരോ വിമാനത്തിലെയും രണ്ട് ശതമാനം യാത്രക്കാരില്‍ പരിശോധന നടത്തും.

പരിശോധനയ്ക്ക് വിധേയരാക്കേണ്ടത് ആരെയെന്ന് തീരുമാനിക്കുന്നത് വിമാന കമ്ബനികള്‍ ആണ്. ഇത് സംബന്ധിച്ച്‌ വ്യോമയാന സെക്രട്ടറിക്ക് ആരോഗ്യ സെക്രട്ടറി കത്തയച്ചു.

അതേസമയം, ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ തത്ക്കാലം റദ്ദാക്കില്ല. ആദ്യ ഘട്ടത്തില്‍ രണ്ട് ശതമാനം യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഈ ഫലം ഒരാഴ്ച്ച നിരീക്ഷിച്ച ശേഷമാകും തുടര്‍ നടപടികള്‍. വരും ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്കെല്ലാം പരിശോധന നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി ഇന്ന രാജ്യസഭയില്‍ പറഞ്ഞു. ചൈനയില്‍ കൊവിഡ് കുതിച്ചുയരാന്‍ കാരണമായ ഓമിക്രോണ്‍ ഉപവകഭേദമായ ബിഎഫ് 7 ന്റെ നാല് കേസുകള്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ തീവ്ര ലക്ഷണങ്ങള്‍ ഇത് സ്ഥിരീകരിച്ചവരില്‍ കണ്ടില്ലെന്നാണ് സൂചന. മാസ്ക് നിര്‍ബന്ധമാക്കണമെന്നും വിവാഹങ്ങളുടെ രാഷ്ട്രീയ കൂട്ടായ്മകളും നിയന്ത്രിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. വാക്സിനേഷന്‍ കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി മൂക്കിലൂടെ നല്‍കുന്ന ഭാരത് ബയോടെകിന്റെ വാക്സീന്‍ അടുത്തയാഴ്ച്ച മുതല്‍ കൊവിന്‍ ആപ്പില്‍ ലഭ്യമാകും. മൂക്കിലൂടെ നല്‍കുന്ന വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കാന്‍ കഴിഞ്ഞ മാസം അനുമതി ലഭിച്ചിരുന്നു.

മാസ്കുള്‍പ്പടെയുള്ള കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ ആശുപത്രികള്‍ സജ്ജമാക്കണമെന്നും രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ച്‌ ചേര്‍ത്ത ഉന്നത തലയോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.