എയര്‍ ഇന്ത്യ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി

single-img
8 October 2023

ഇസ്രായേൽ ഹമാസ് സംഘർഷം തുടരുന്നതിനിടെ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസാണ് റിദ്ദാക്കിയത്. ഈ മാസം 14 വരെയുള്ള സര്‍വീസാണ് നിര്‍ത്തിയത്.

തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ എന്നീ ദിവസങ്ങളിലായിരുന്നു സർവീസുകൾ നടത്തിയിരുന്നത്. അതേസമയം, ഇസ്രായേലിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇന്ത്യ. യുദ്ധം എത്രനാൾ നീളുമെന്നാണ് കേന്ദ്രം ഉറ്റുനോക്കുന്നത്. സംഘർഷം രൂക്ഷമാകുന്നെങ്കിലും ഒഴിപ്പിക്കൽ തൽകാലം വേണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്.

അതേസമയം, ഒഴിപ്പിക്കൽ വേണ്ടിവന്നാൽ തയാറെടുക്കാൻ വ്യോമ – നാവിക സേനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കിൽ ഒഴിപ്പിക്കൽ നടപടികളിലേക്ക് കടന്നേക്കും. പ്രധാനമന്ത്രി സ്ഥിതി നേരിട്ട് നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലിലെ ഇന്ത്യാക്കാർക്ക് ഇന്നലെ തന്നെ ജാഗ്രതാ നിർദേശം നൽകിയിരുന്നു.

പലസ്തീനിലെ ഇന്ത്യാക്കാർക്കും അത്യാവിശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ ഹെല്പ് ലൈൻ നമ്പറുകളടക്കം പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യാക്കാർക്ക് ആവശ്യങ്ങൾക്ക് എംബസികളെ സമീപിക്കാമെന്നും, ഏത് സാഹചര്യത്തെയും നേരിടാന് സജ്ജമാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പറഞ്ഞു.