സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ഒന്‍പതാം ക്ലാസുകാരനായ ആദിത്യ കൃഷ്ണ കാത്തിരിക്കുന്നു; പതിനായിരത്തില്‍ ഒരാളാണോ സ്റ്റെംസെല്‍ ദാനം ചെയ്യാന്‍ മനസുണ്ടോ?


എപ്ലാസ്റ്റിക് അനീമിയയെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ഒന്‍പതാം ക്ലാസുകാരനായ ആദിത്യ കൃഷ്ണ കാത്തിരിക്കുന്നത് പതിനായിരത്തില്‍ ഒരുവനാകാന്‍ സാധ്യതയുള്ള ഒരു മനുഷ്യനെയാണ്. രോഗം മാറാനുള്ള ഒരേയൊരു പ്രതിവിധിയായ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായുള്ള സ്റ്റെം സെല്‍ ദാതാവിനെയാണ് ആദിത്യന്‍ കാത്തിരിക്കുന്നത്. ആദിത്യന്റെ ശസ്ത്രക്രിയയ്ക്ക് അനുയോജ്യനായ ദാതാവ് പതിനായിരത്തില്‍ ഒരാളെ ഉണ്ടാകൂ എന്നതിനാല്‍ തന്നെ ഈ ശ്രമകരമായ ദൗത്യത്തിന് മുന്നില്‍ പകച്ചിരിക്കുകയാണ് ഒരു കുടുംബം. സുമനസുകള്‍ കൂട്ടമായി എത്തി സ്രവസാമ്പിളുകള്‍ ഒത്തുനോക്കുക എന്നതല്ലാതെ ദാതാവിനെ കണ്ടെത്താന്‍ ഒരു വഴിയുമില്ലെന്ന് മനസിലാക്കിയ കുടുംബം അതിനായി ക്യാംപെയ്ന്‍ സംഘടിപ്പിച്ചിരിക്കുകയാണ്.
ഫെബ്രുവരി 26 ന് കൊച്ചി കലൂര്‍ പൊറ്റക്കുഴി ലിറ്റില്‍ ഫഌവര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിശോധന നടക്കുക. 18 വയസ് മുതല്‍ 50 വയസുവരെയുള്ള ആര്‍ക്കും മാച്ച് നോക്കാവുന്നതാണ്. രാവിലെ 9 മുതല്‍ അഞ്ച് മണിവരെയാണ് പരിശോധനകള്‍ നടക്കുക. മൂക്കില്‍ നിന്നോ കവിളില്‍ നിന്നോ എടുക്കുന്ന ശ്രവസാമ്പിളുകളാണ് പരിശോധനയ്ക്കായി ഉപയോഗിക്കുന്നത്. പരിശോധനയില്‍ മാച്ച് കണ്ടെത്തിയാല്‍ രക്തദാനത്തിന് സമാനമായ ലളിതമായ മാര്‍ഗത്തിലൂടെ സ്‌റ്റെംസെല്ലുകള്‍ ദാനം ചെയ്യാവുന്നതാണ്.