നടി സുരേഖ വാണിയുടെ സ്വകാര്യ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ; സൈബർ ആക്രമണത്തിനെതിരെ നടി

single-img
7 November 2026

തെന്നിന്ത്യൻ നടി സുരേഖ വാണിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെച്ചൊല്ലി വിവാദം. യുവാവിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും നടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവന്നതായാണ് റിപ്പോർട്ടുകൾ. നിമിഷങ്ങൾക്കകം പോസ്റ്റുകൾ നീക്കം ചെയ്തെങ്കിലും ഇതിനോടകം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ നടിക്കെതിരെ സൈബർ ആക്രമണവും അധിക്ഷേപ കമന്റുകളും ഉയർന്നു. എന്നാൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും സ്വകാര്യ ദൃശ്യങ്ങൾ തന്റെ സമ്മതമില്ലാതെ പ്രചരിപ്പിക്കുകയാണെന്നും സുരേഖ വാണി വ്യക്തമാക്കി. ദൃശ്യങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ തെളിവുകൾ സഹിതം നിയമനടപടി സ്വീകരിക്കുമെന്നും താരം മുന്നറിയിപ്പ് നൽകി.

സ്വകാര്യ ദൃശ്യങ്ങൾ റീപോസ്റ്റ് ചെയ്യുന്നതും പങ്കുവെക്കുന്നതും മാധ്യമങ്ങളും മീം പേജുകളും വ്യക്തികളും ഉടൻ അവസാനിപ്പിക്കണമെന്ന് നടി ആവശ്യപ്പെട്ടു. വ്യൂസിനും റീച്ചിനും വേണ്ടി ഈ സാഹചര്യം ദുരുപയോഗം ചെയ്യരുതെന്നും തന്റെ സ്വകാര്യത മാനിക്കണമെന്നും അവർ അഭ്യർഥിച്ചു.

ടെലിവിഷൻ അവതാരകയായി കരിയർ ആരംഭിച്ച സുരേഖ വാണി തെലുങ്ക്, തമിഴ് സിനിമകളിലെ ശ്രദ്ധേയ സഹനടിയാണ്. ‘ബൊമ്മരില്ലു’, ‘യേ മായാ ചേസാവെ’, ‘സൺ ഓഫ് സത്യമൂർത്തി’ തുടങ്ങിയ ചിത്രങ്ങളുൾപ്പെടെ അറുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2019ൽ ഭർത്താവ് സുരേഷ് തേജ അന്തരിച്ചു. മകൾ സുപ്രീതയും ടെലിവിഷൻ, സമൂഹമാധ്യമ രംഗങ്ങളിൽ സജീവമാണ്.