നടി ശാരദയ്ക്ക് ജെ.സി. ഡാനിയേൽ പുരസ്കാരം

മലയാള സിനിമയിലെ പരമോന്നത അംഗീകാരമായ ജെ.സി. ഡാനിയേൽ പുരസ്കാരം ഈ വർഷം പ്രശസ്ത നടി ശാരദയ്ക്ക് ലഭിക്കും. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 25ന് നടക്കുന്ന ചടങ്ങിൽ ശാരദയ്ക്ക് പുരസ്കാരം സമ്മാനിക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
1945 ജൂൺ 25ന് ആന്ധ്രപ്രദേശിലെ തെന്നാലിയിൽ വെങ്കിടേശ്വര റാവുവിന്റെയും മലയാളിയായ സത്യവതിദേവിയുടെയും മകളായി ശാരദ ജനിച്ചു. സരസ്വതി ദേവി എന്നതാണ് യഥാർഥ പേര്. അമ്മയുടെ നിർബന്ധപ്രകാരം ചെറുപ്പത്തിൽ തന്നെ സംഗീതം പഠിക്കാൻ തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കിയില്ല. എന്നാൽ ആറാം വയസ്സുമുതൽ നൃത്തപഠനം ആരംഭിച്ച ശാരദ കലാരംഗത്തേക്ക് സ്വാഭാവികമായി കടന്നുവന്നു.
ശാരദ നൃത്തം പഠിച്ചിരുന്ന സ്കൂളിലെ കുട്ടികളെ സിനിമകളിൽ അഭിനയിപ്പിക്കുന്ന പതിവുണ്ടായിരുന്നു. അതിന്റെ ഭാഗമായി പത്താം വയസ്സിൽ തന്നെ ‘കന്യാസുൽക്കം’ എന്ന സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചു. തുടർന്ന് ‘ഇതരമുത്ത്’ എന്ന ചിത്രത്തിലൂടെയും ശ്രദ്ധേയയായി. പിന്നീട് ഇന്ത്യൻ പീപ്പിൾസ് തിയേറ്ററിന്റെ (ഇപ്റ്റ) ‘ഇരുമിത്രലു’, ‘അണ്ണാ ചൊല്ലലു’ തുടങ്ങിയ നാടകങ്ങളിലെ ശക്തമായ അഭിനയ പ്രകടനം സിനിമാലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഇതോടെയാണ് ശാരദയ്ക്ക് സിനിമയിൽ സ്ഥിരം അവസരങ്ങൾ തുറന്നുകിട്ടുന്നത്.
തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദ, ഇന്ത്യൻ സിനിമയിലെ മികച്ച അഭിനേത്രിമാരിൽ ഒരാളായി തന്റേതായ സ്ഥാനം ഉറപ്പിച്ചു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ സാമൂഹിക യാഥാർഥ്യങ്ങൾ അവതരിപ്പിച്ച അഭിനയമികവിനാണ് ജെ.സി. ഡാനിയേൽ പുരസ്കാരത്തിലൂടെ മലയാള സിനിമ ലോകം ശാരദയെ ആദരിക്കുന്നത്.


