നടനും സംവിധായകനുമായ മഹേഷ് ബിജെപിയില്‍ ചേര്‍ന്നു


മലയാള സിനിമയിലെ പ്രശസ്ത നടനും സംവിധായകനുമായ മഹേഷ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്നുമാണ് മഹേഷ് അംഗത്വം സ്വീകരിച്ചത്.
ബിജെപിയുടെ അംഗത്വ വിതരണ ക്യാമ്പയിനിന്റെ ഭാഗമായാണ് നടനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. തങ്ങളുടെ അംഗത്വ ക്യാമ്പയിനിലൂടെ കേരളത്തിൽ നിന്നും കൂടുതല്‍ പ്രമുഖര്‍ ബിജെപിയില്‍ ചേരുമെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. ഇത്തവണ 25 ലക്ഷം മെമ്പര്‍ഷിപ്പ് വിതരണം ചെയ്യണമെന്നായിരുന്നു ലക്ഷ്യം. എന്നാല്‍ പകുതി പോലും നേടാനായില്ല.
അംഗത്വ വിതരണ നടപടികളിലെ പോരായ്മകള്‍ പരിഹരിക്കാന്‍ രണ്ടു യോഗങ്ങള്‍ കഴിഞ്ഞദിവസം നടത്തിയിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ സംസ്ഥാന അധ്യക്ഷന്‍ വരെയുള്ള ഭാരവാഹികളുടെ യോഗവും ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥികളുടെ യോഗവുമാണ് നടത്തിയത്. അതേസമയം മെമ്പര്‍ഷിപ്പ് വിതരണം ഡിജിറ്റലായതാണ് കാലതാമസമുണ്ടാക്കുന്നതെന്നാണ് പല ജില്ലാ കമ്മിറ്റികളും നല്‍കുന്ന വിശദീകരണം