അജിത് പവാര്‍ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തിയ കട്ടപ്പയെ പോലെ; ശരദ് പവാറിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രവർത്തകർ

single-img
6 July 2023

പിളർപ്പിലൂടെ കടന്നുപോകുന്ന എന്‍സിപിയെ തിരിച്ചു പിടിക്കാന്‍ തന്നെക്കൊണ്ട് സാധിക്കുന്നതെല്ലാം ചെയ്യാന്‍ 83ാം വയസ്സിലും പോരാട്ട വീര്യം കാണിക്കുന്ന ശരദ് പവാറിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എന്‍സിപി അണികള്‍. അജിത് പവാറിന്റെ അപ്രതീക്ഷിത കൂറുമാറ്റം ചതിയാണെന്നും അജിത് പവാര്‍ വിശ്വാസവഞ്ചകനും ചാരനുമാണെന്ന് കാണിച്ച് ശരദ് പവാര്‍ അനുകൂലികള്‍ സംസ്ഥാനമാകെ പോസ്റ്ററുകളൊട്ടിച്ച് തുടങ്ങി.

പ്രഭാസ് സിനിമയിലെ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തി വീഴ്ത്തിയ കട്ടപ്പയെ പോലെയാണ് അജിത് പവാര്‍ എന്ന് സൂചിപ്പിക്കുന്ന പോസ്റ്ററാണ് ന്യൂ ഡല്‍ഹിയിലെ ശരദ് പവാറിന്റെ വസതിക്ക് മുന്നില്‍ അണികള്‍ സ്ഥാപിച്ചത് . ഈ പോസ്റ്ററില്‍ ‘ഗദ്ദാര്‍’ (ചതിയന്‍) എന്നും എഴുതിയിട്ടുണ്ട്.

പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ: ഴുവന്‍ രാജ്യവും ഇത് കണ്ടുകൊണ്ട് ഇരിക്കുകയാണ്. നമുക്കിടയില്‍ ഒളിച്ചിരിക്കുന്ന ചതിയന്‍മാരെ. ജനം ഒരിക്കലും ഇതുപോലെയുള്ളവർക്ക് മാപ്പ് നല്‍കില്ല. ഇത്തരത്തിലുള്ള വഞ്ചകന്‍മാര്‍ക്ക് മാപ്പില്ല.

ഗദ്ദാര്‍ എന്ന് എഴുതി ഹാഷ് ടാഗ് കൂടി ചേര്‍ത്താണ് പോസ്റ്റര്‍. കട്ടപ്പ ബാഹുബലിയെ കുത്തുന്ന ചിത്രത്തിന്റെ തല മാറ്റി അജിത് പവാര്‍ ശരദ് പവാറിനെ കുത്തുന്നതാക്കിയിട്ടുമുണ്ട്. എന്‍സിപിയുടെ വിദ്യാര്‍ത്ഥി വിഭാഗമാണ് ഈ പോസ്റ്റര്‍ ഉയര്‍ത്തിയിരിക്കുന്നത്.