തൃശൂരിൽ സ്‌കൂളില്‍ വെടിവെപ്പ് നടത്തിയ പ്രതി മാനസിക രോഗി; കോടതി ജാമ്യം നല്‍കി

single-img
21 November 2023

തൃശൂര്‍ ജില്ലയിലെ വിവേകോദയം സ്‌കൂളില്‍ വെടിവെപ്പ് നടത്തിയ പ്രതി ജഗന് കോടതി ജാമ്യം നല്‍കി. പ്രതി മാനസികോ രോഗിയാണെന്ന പൊലീസിന്റെ റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ക്ക് ജാമ്യം നല്‍കി മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയത്.

ഇയാൾ കഴിഞ്ഞ രണ്ട് വര്‍ഷമായി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് കുടുംബം പൊലീസിനെ അറിയിച്ചിരുന്നു. ഇതോടൊപ്പം ആവശ്യമായ ചികല്‍സാരേഖകളും ഹാജരാക്കി. ഇന്ന് രാവിലെയാണ് സ്‌കൂളില്‍ എത്തിയ ഇയാള്‍ അധ്യാപകരെ ഭീഷണിപ്പെടുത്തുകയും എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും ചെയ്തത്.

സ്‌കൂളിലെ സ്റ്റാഫ് റൂമിലെത്തിയ ഇയാള്‍ അവിടെ കുറച്ചുനേരം നടന്ന ശേഷം സമീപത്തുണ്ടായിരുന്ന കസേരയിലിരിക്കുകയും ശേഷം ബാഗില്‍നിന്ന് എയര്‍ ഗണ്‍ എടുത്ത് അധ്യാപകരെയും വിദ്യാര്‍ഥികളെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് മൂന്നു തവണ വെടിയുതിര്‍ക്കുകയായിരുന്നു. സ്‌കൂള്‍ കത്തിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.