ഇരട്ടക്കൊലപാതക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി അനുശാന്തിക്ക് ജാമ്യം

single-img
18 November 2022

ദില്ലി:ആറ്റിങ്ങള്‍ ഇരട്ടക്കൊലപാതക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി അനുശാന്തിക്ക് ജാമ്യം .ആരോഗ്യ കാരണങ്ങള്‍ കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി തീര്‍പ്പാക്കുന്നത് വരെയാണ് ജാമ്യം അനുവദിച്ചത്.കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അനുശാന്തിയുടെ ഹര്‍ജി.

ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ സുപ്രീം കോടതി അനുശാന്തിക്ക് പരോള്‍ അനുവദിച്ചിരുന്നു.ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നല്‍കിയത് .ജാമ്യം നല്‍കുന്നതിനെ സംസ്ഥാനം ശക്തമായി എതിര്‍ത്തു.ഹൈക്കോടതിയിലെ നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് സംസ്ഥാനത്തിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ഹര്‍ഷദ് വി അഹമീദ് അറിയിച്ചു .എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ കണക്കിലെടുത്താണ് ജാമ്യം നല്‍കിയത് .അഭിഭാഷകന്‍ വി കെ ബിജു അനുശാന്തിക്കായി ഹാജരായി.

2014 ഏപ്രിലില്‍ സ്വന്തം കുഞ്ഞിനെയും, അമ്മായിഅമ്മയേയും കൊലപ്പെടുത്തിയ ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതിയാണ് അനു ശാന്തി. നേത്രരോഗത്തിന് ചികിത്സ തേടാനായി ഇവര്‍ക്ക് സുപ്രീംകോടതി രണ്ട് മാസത്തെ പരോള്‍ പരോള്‍ അനുവദിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു അനുശാന്തിക്ക് പരോള്‍ അനുവദിച്ചത്. ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയ അനുശാന്തി നിലവില്‍ ജയിലില്‍ തുടരുകയായിരുന്നു.

കാഴ്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയാണ് അനുശാന്തിക്കെന്നും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും ചികിത്സ കിട്ടിയില്ലെങ്കില്‍ രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയും നഷ്ടമാകുമെന്നും അനുശാന്തിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭര്‍ത്താവിന്റെ അമ്മ ഓമനയേയും കാമുകനുമായി ചേര്‍ന്ന് അനുശാന്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ടെക്നോപാര്‍ക്കിലെ സഹപ്രവ‌ര്‍ത്തകനും കാമുകനുമായ നിനോ മാത്യുവാണ് കൊലനടത്താന്‍ അനുശാന്തിക്ക് കൂട്ടുനിന്നത്. അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷ് കൊലപാതക ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.

അനുശാന്തി നിനോ മാത്യുവിന് ഫോണിലൂടെ അയച്ചു നല്‍കിയ വീടിന്റെ ചിത്രങ്ങളും, വഴിയുമടക്കമുള്ള ഡിജിറ്റില്‍ തെളിവുകള്‍ നിര്‍ണ്ണായകമായ കേസില്‍ 2016 ഏപ്രിലിലാണ് വിധി വന്നത്. നിനോ മാത്യുവിന് വധശിക്ഷയ്ക്കും അനുശാന്തിയെ ഇരട്ട ജീവപര്യന്തത്തിനുമാണ് കോടതി വിധിച്ചത്. ആറ്റിങ്ങല്‍ വനിതാ ജയിലില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് അനുശാന്തി. പ്രതികള്‍ക്കെതിരായി രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. കാമ പൂര്‍ത്തീകരണത്തിനായാണു പ്രതികള്‍ പിഞ്ചു കുഞ്ഞിനെയും വൃദ്ധയേയും കൊലപ്പെടുത്തിയത്. സൗദി അറേബ്യയില്‍ ലഭിക്കുന്ന മുഴുവന്‍ സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിച്ചു കഴുകിയാലും പ്രതികളുടെ കൈയിലെ ദുര്‍ഗന്ധം മാറില്ലെന്നായിരുന്നു തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പ്രസ്താവത്തിനിടെ പരാമര്‍ശിച്ചത്.