അപകടങ്ങള്‍ പതിവ്: ധ്രുവ് ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനം രാജ്യത്ത് നിര്‍ത്തിവെച്ചു

single-img
6 May 2023

ഇന്ത്യന്‍ പ്രതിരോധ സേനാ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന ധ്രുവ് ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനം രാജ്യത്ത് നിര്‍ത്തിവെച്ചു.

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഈ ഹെലികോപ്റ്ററുകള്‍ നിരന്തരം അപകടത്തില്‍പെടുന്ന സാഹചര്യത്തിലാണ് തീരുമാനം. ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ധ്രുവ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് കഴിഞ്ഞ ദിവസം ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് തവണ ഈ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടിരുന്നു. മാര്‍ച്ച്‌ എട്ടിന് മുംബൈ തീരത്ത് നാവികസേനയുടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയിരുന്നു. അന്ന് പവര്‍ ലോസായിരുന്നു കാരണം. ആര്‍ക്കും പരിക്കേറ്റിരുന്നില്ല. മാര്‍ച്ച്‌ 23 ന് നെടുമ്ബാശേരിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടിരുന്നു. വിദേശത്തേക്കടക്കം കയറ്റുമതി ചെയ്യുന്ന ധ്രുവ് ഹെലികോപ്റ്ററുകള്‍ നിരന്തരം അപകടത്തില്‍പെടുന്നത് അന്താരാഷ്ട്ര തലത്തില്‍ അവമതിപ്പുണ്ടാക്കുമെന്നതാണ് പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കാന്‍ കാരണം.