വിഷ്ണു വിശാലിനൊപ്പം വീട്ടിൽ പ്രളയത്തില്‍ കുടുങ്ങി ആമിര്‍ ഖാൻ; ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി

single-img
5 December 2023

ചെന്നൈയിലെ രൂക്ഷമായ പ്രളയത്തില്‍ കുടുങ്ങിയ ബോളിവുഡ് താരം ആമിര്‍ ഖാനെ രക്ഷപ്പെടുത്തി. നടന്‍ വിഷ്ണു വിശാലിന്റെ വീട്ടിലായിരുന്നു ആമിര്‍ ഖാന്‍ കഴിഞ്ഞത്. ഫയര്‍ ഫോഴ്‌സ് ബോട്ടില്‍ എത്തിയാണ് ആമിര്‍ ഖാനെ രക്ഷപ്പെടുത്തിയത്. അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു താരം ചെന്നൈയിലെത്തിയത്. നേരത്തെ വീടിന് ചുറ്റും വെള്ളം പൊങ്ങിയ വിവരം വിശാല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

വെള്ളവും വൈദ്യുതിയും പൂർണ്ണമായും ഇല്ലാതെ 24 മണിക്കൂറാണ് വിശാലിന്റെ വീട്ടില്‍ ആമിര്‍ ഖാന് കഴിയേണ്ടി വന്നത്. പ്രളയത്തില്‍ വിഷ്ണു വിശാലിന്റെ വീട് നില്‍ക്കുന്ന സ്ഥലവും പൂര്‍ണമായും വെള്ളം കയറിയിരുന്നു. സമീപത്തെ വീടുകളിലും വെള്ളം കയറിയിരുന്നു. വിഷ്ണു വിശാലിനെയും പ്രദേശ വാസികളെയും രക്ഷാപ്രവര്‍ത്തകരെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ആമിര്‍ ഖാന്‍ രക്ഷാ പ്രവർത്തകരുടെ ബോട്ടില്‍ കയറുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.