വെജിറ്റേറിയന്‍ ഭക്ഷണം ആവശ്യപ്പെട്ട യുവാവിന് മാംസ ഭക്ഷണം നല്‍കി;ഹോട്ടലിനോട് ഒരുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്

single-img
21 April 2023

വെജിറ്റേറിയന്‍ ഭക്ഷണം ആവശ്യപ്പെട്ട യുവാവിന് മാംസ ഭക്ഷണം നല്‍കിയതില്‍ നിയമനടപടി. പ്രശസ്ത ആഡംബര ഹോട്ടലിന് ഒരു കോടി രൂപയുടെ നോട്ടീസ് അയച്ചു.

സസ്യാഹാരിയായ തനിക്ക് മാംസാഹാരം വിളമ്ബിയതായി യുവാവ് ആരോപിച്ചു. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം തന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും ജീവന്‍ അപകടത്തിലാക്കിയെന്നും പരാതിക്കാരന്‍ പറഞ്ഞു. ഓര്‍ഡര്‍ ചെയ്ത പ്രകാരം വെജിറ്റേറിയന്‍ ഭക്ഷണത്തിന് പകരം നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണമാണ് നല്‍കിയതെന്ന് യുവാവ് ആരോപിച്ചു.

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചുവെന്ന് മനസ്സിലാക്കിയപ്പോള്‍, തന്റെ ആരോഗ്യം വഷളായെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും യുവാവ് അവകാശപ്പെട്ടു. അര്‍പിത് ഗുപ്ത എന്ന യുവാവാണ് നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. ഏപ്രില്‍ 14നാണ് സംഭവം. ആഗ്രയിലെ ഫത്തേഹാബാദ് റോഡിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിയ്ക്കാന്‍ സുഹൃത്തിനൊപ്പം പോയ അര്‍പിത് വെജിറ്റേറിയന്‍ റോളിന് ഓര്‍ഡര്‍ നല്‍കി. കഴിച്ചുകൊണ്ടിരിക്കെ രുചി വ്യത്യാസം തോന്നിയപ്പോള്‍ ജീവനക്കാരോട് അന്വേഷിച്ചപ്പോഴാണ് ചിക്കന്‍ റോളാണ് വിളമ്ബിയതെന്ന് മനസിലായത്.

തുടര്‍ന്ന് ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടലിലെ പിഴവ് മറച്ചുവെക്കാന്‍ ഭക്ഷണത്തിന്റെ ബില്‍ പോലും നല്‍കിയില്ലെന്ന് യുവാവ് ആരോപിച്ചു. എന്നാല്‍ സുഹൃത്ത് സംഭവം ഫോണില്‍ പകര്‍ത്തിയിരുന്നു. ഹോട്ടല്‍ ക്ഷമാപണം നടത്തിയാല്‍ മാത്രം പോരെന്നും തന്റെ മതവികാരം വ്രണപ്പെടുത്തിയതിന് കര്‍ശന നടപടി വേണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.

ഹോട്ടല്‍ അധികൃതര്‍ തെറ്റുപറ്റിയെന്ന് സമ്മതിച്ചെന്നും ക്ഷമാപണം നടത്തിയെന്നും ഇന്ത്യ ‌ടുഡേ റിപ്പോര്‍ട്ട് ചെയ്തു. മതവികാരം വ്രണപ്പെടുത്തല്‍, ഭക്ഷ്യസുരക്ഷാ നിയമം, മലിനമായ ഭക്ഷണം വിളമ്ബല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കാമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. മൂന്ന് മുതല്‍ 10 വര്‍ഷം വരെ ശിക്ഷയും ലഭിക്കാം.