തെങ്കാശിയില്‍ മലയാളി വനിതാ റെയില്‍വേ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയുടെ രേഖാചിത്രം തയാറാക്കും

single-img
19 February 2023

തെങ്കാശിയില്‍ മലയാളി വനിതാ റെയില്‍വേ ജീവനക്കാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാന്‍ അന്വേഷണസംഘം.

അക്രമത്തിനിരയായ ജീവനക്കാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ രേഖാചിത്രം തയ്യാറാക്കും. സംഭവമുണ്ടായി മൂന്ന് ദിവസം ആകുമ്ബോഴും പ്രതിയെ കണ്ടെത്താനാവാതെ വന്നതോടെയാണ് രേഖചിത്രം തയ്യാറാക്കാന്‍ തീരുമാനിച്ചത്. അക്രമി തെങ്കാശി ജില്ല വിട്ടെന്നാണ് സൂചന. നാല് പെയിന്റിങ് തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും അന്വേഷണ സംഘത്തിന് യാതൊരു തെളിവും കിട്ടിയില്ല. പാവൂര്‍ ഛത്രം റെയില്‍വേ മേല്‍പ്പാലം പണിയുന്ന യുവാക്കളായ ഇതര സംസ്ഥാന തൊഴിലാളികളിലേക്കും പൊലീസ് അന്വേഷണം നീങ്ങുന്നുണ്ട്.

ഷര്‍ട്ട് ധരിക്കാതെ കാക്കി പാന്റ്‌സ് ഇട്ട ആളാണ് ആക്രമിച്ചതെന്നു യുവതി പൊലീസിന് മൊഴി നല്‍കി. വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. അതിക്രൂരമായ മര്‍ദ്ദനമാണുണ്ടായതെന്ന് ജീവനക്കാരിയുടെ കുടുംബവും പറയുന്നു. യുവതി ജോലി ചെയ്തിരുന്നിടത്ത് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല എന്നാണ് ജീവനക്കാരിയുടെ മാതാപിതാക്കളുടെ ആരോപണം.

പാവൂര്‍ ഛത്രം പൊലീസിനൊപ്പം തന്നെ റെയില്‍വേ പൊലീസും സമാന്തരമായി അന്വേഷണം തുടങ്ങി. റെയില്‍വേ ഡിഎസ്പി പൊന്നുസ്വാമിയുടെ നേതൃത്വത്തില്‍ 20 പേര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിക്കായി അന്വേഷണം നടത്തുന്നത്.