ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ ഇളവിനു സാധ്യത


തിരുവനന്തപുരം: ഭൂമിയുടെ ന്യായവില 20 ശതമാനമായി വര്‍ധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ ഇളവു വരുത്തിയേക്കും.
ന്യായവിലയില്‍ ഇളവു പ്രഖ്യാപിച്ച് ഇന്ധന സെസിനെതിരായ പ്രതിഷേധം തണുപ്പിക്കുകയെന്ന ആലോചനയിലാണ് സര്‍ക്കാര്‍. ന്യായവില 10 ശതമാനം കുറയ്ക്കാനാണ് ആലോചിക്കുന്നത്.
ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയിലാകും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇക്കാര്യത്തില്‍ നിലപാട് പ്രഖ്യാപിക്കുക. പ്രതിഷേധവും വിമര്‍ശനങ്ങളും ശമിപ്പിക്കാനുള്ള പ്രഖ്യാപനങ്ങള്‍ ധനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായേക്കും. ഭൂമിയുടെ ന്യായവില കുറയ്ക്കണമെന്ന് സിപിഎം എംഎല്‍എ പി നന്ദകുമാര്‍ ബജറ്റ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു.
വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് ഭൂമിയുടെ വില വര്‍ധിപ്പിക്കാനുള്ള തീരുമാനമെന്നാണ് ധനമന്ത്രി നേരത്തെ വിശദീകരിച്ചിരുന്നത്. വിവിധ കാരണങ്ങളാല്‍ വിപണിമൂല്യം വര്‍ധിച്ച പ്രദേശങ്ങളിലെ ഭൂമിയുടെ ന്യായവില 30 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ 2022ല്‍ ഫിനാന്‍സ് ആക്ടിലൂടെ നിയമനിര്‍മാണം നടപ്പിലാക്കിയിരുന്നു. രജിസ്ട്രേഷന്‍ വരുമാനം കൂട്ടുന്നതിനായി ഭൂമിയുടെ ന്യായവില 13 വര്‍ഷത്തിനിടെ വര്‍ധിപ്പിച്ചത് 160 ശതമാനത്തിലേറെയാണ്.