ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് കരുത്ത് കൂട്ടി പുതിയൊരു മുങ്ങിക്കപ്പല്‍ കൂടി

single-img
23 January 2023

മുംബൈ: ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് കരുത്ത് കൂട്ടി പുതിയൊരു മുങ്ങിക്കപ്പല്‍ കൂടി നാവികസേനയുടെ ഭാഗമായി.

സ്കോര്‍പിയന്‍ ക്ലാസ് മുങ്ങിക്കപ്പലുകളില്‍ അഞ്ചാമന്‍, ഐഎന്‍എസ് വഗീറിനെയാണ് കമ്മീഷന്‍ ചെയ്തത് . മുംബൈ നേവി ആസ്ഥാനത്തായിരുന്നു ചടങ്ങുകള്‍.

ചൈനീസ് ഭീഷണിയടക്കം നിലനില്‍ക്കെ കടലിലെ പ്രതിരോധം കരുത്തുറ്റതാക്കാന്‍ ഇന്ത്യന്‍ നാവിക സേനയുടെ ആവനാഴിയില്‍ പുതിയൊരു അസ്ത്രം കൂടി. സ്കോര്‍പിയന്‍ ക്ലാസ് മുങ്ങിക്കപ്പലുകളില്‍ അഞ്ചാമത്തേതാണ് ഐഎന്‍എസ് വഗീര്‍. സമുദ്രത്തിലെ ഇരപിടിയില്‍ സ്രാവാണ് വഗീര്‍. ഇതടക്കം ആറ് മുങ്ങികപ്പലുകളാണ് പ്രൊജക്‌ട് 15ന്‍റെ ഭാഗമായി നാവിക സേനയിലേക്ക് എത്തുക. ഫ്രഞ്ച് കമ്ബനിയായ ഡി.സി.എന്‍.എസിന്‍റെ സഹകരണത്തോടെ ഏതാണ്ട് പൂര്‍ണമായി മുംബൈയിലെ ഡോക്യാര്‍ഡിലാണ് നിര്‍മ്മാണം.

ജലോപരിതല ആക്രമണം, ജലാന്തര ആക്രമണം എന്നിവ ഒരുപോലെ നടത്താനുള്ള ശേഷിയാണ് സ്‌കോര്‍പിയന്‍ ക്ലാസ് മുങ്ങിക്കപ്പലുകളുടെ ഏറ്റവും വലിയ ശക്തി. ശത്രുക്കളുടെ മുങ്ങിക്കപ്പലുകള്‍, യുദ്ധക്കപ്പലുകള്‍ എന്നിവ മൈനുകള്‍ ഉപയോഗിച്ച്‌ തകര്‍ക്കാനും ഇവയ്ക്ക് ശേഷിയുണ്ട്. ഈ ശ്രേണിയിലെ ആറ് കപ്പലുകളില്‍ ആദ്യത്തേതായ ഐഎന്‍എസ് കല്‍വാരി 2018ലും രണ്ടാമത്തെ കപ്പല്‍ ഐഎന്‍എസ് ഖണ്ഡേരി 2019ലും മൂന്നാമത്തെ കപ്പല്‍ ഐഎന്‍സ് കരഞ്ച് 2021ലും നാലാമന്‍ ഐഎന്‍എസ് വേല കഴിഞ്ഞ വര്‍ഷവും സേനയുടെ ഭാഗമായി. അടുത്ത വര്‍ഷം ആറാമന്‍ ഐഎന്‍എസ് വാഗ്ഷീറും നേവിയുടെ ഭാഗമാവും.