നാലു ദിവസത്തെ വെടിനിര്‍ത്തൽ; ബന്ദികളുടെ മോചനം; കരാര്‍ അംഗീകരിച്ച് ഇസ്രയേലും ഹമാസും

single-img
22 November 2023

നാലു ദിവസം നീളുന്ന വെടിനിര്‍ത്തലും ബന്ദികളുടെ മോചനവും ഉൾപ്പെടുന്ന കരാര്‍ അംഗീകരിച്ച് ഇസ്രയേലും ഹമാസും. കരാറിന്റെ ഭാഗമായി ബന്ദികളുടെ ആദ്യസംഘത്തെ നാളെ രാവിലെ മോചിപ്പിക്കും. ഇസ്രായേലിലെ ജയിലുകളില്‍ നിന്ന് 150 പലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരമായി ഗാസയില്‍ ബന്ദികളാക്കിയ 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിനുള്ള കരാറിനാണ് ഇസ്രായേലും ഹമാസും സമ്മതിച്ചിരിക്കുന്നത്.

പക്ഷെ , ഇതിലധികം ബന്ദികള്‍ മോചിപ്പിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഹമാസ് വിട്ടയയ്ക്കുന്ന ഓരോ 10 തടവുകാര്‍ക്കും ഒരു അധിക ദിവസത്തെ ഇടവേള നല്‍കാന്‍ ഇസ്രായേല്‍ തയ്യാറാണ്. ഈ കാലയളവില്‍ ഇന്ധനങ്ങള്‍ ഉള്‍പ്പടെ 300 ഓളം ട്രക്കുകള്‍ ഗാസ മുനമ്പിലേക്ക് അനുവദിക്കും. ഓരോ ദിവസവും ആറ് മണിക്കൂര്‍ ഡ്രോണുകള്‍ പറത്തില്ലെന്ന് ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ട്.

ആക്രമണം നിര്‍ത്തുന്ന സമയത്ത് കൂടുതല്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുമെന്ന് ചര്‍ച്ചകള്‍ക്കിടെ ഹമാസ് ആശങ്ക പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ വെടിനിര്‍ത്തല്‍ ഇടവേളയില്‍, പലസ്തീനികളെ കുടിയിറക്കപ്പെട്ട വടക്കന്‍ ഗാസയിലെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വെടിനിര്‍ത്തല്‍ എപ്പോള്‍ ആരംഭിക്കുമെന്ന് കൃത്യമായി ഇസ്രയേല്‍ വ്യക്തമാക്കിയിട്ടില്ല, എന്നാല്‍ മന്ത്രിസഭയെ അഭിസംബോധന ചെയ്ത ബെഞ്ചമിന്‍ നെതന്യാഹു കരാര്‍ ആരംഭിച്ച് 48 മണിക്കൂറിനുള്ളില്‍ ആദ്യ സംഘ ബന്ദികളെ മോചിപ്പിക്കണമെന്ന് പറഞ്ഞു.