വയനാട്ടില്‍ കടബാധ്യതയെ തുടര്‍ന്ന് വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച കര്‍ഷകന്‍ ചികിത്സയിലിരിക്കെ മരിച്ചു

single-img
3 May 2023

കല്‍പ്പറ്റ: വയനാട്ടില്‍ കടബാധ്യതയെ തുടര്‍ന്ന് വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച കര്‍ഷകന്‍ ചികിത്സയിലിരിക്കെ മരിച്ചു.

ചെന്നലോട് പുത്തന്‍പുരക്കല്‍ സൈജന്‍ എന്ന ദേവസ്യ (55) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്ബ് വിഷം കഴിച്ച്‌ അവശ നിലയില്‍ കൃഷിയിടത്തില്‍ കണ്ടെത്തിയ ദേവസ്യയെ ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. വിവിധ ബാങ്കുകളിലായി 18 ലക്ഷത്തോളം രൂപയുടെ കടബാധ്യയാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിനും കൃഷിക്കും വേണ്ടിയായിരുന്നു കടമെടുത്തത്.അതേസമയം, കഴിഞ്ഞ ഡിസംബറില്‍ ജപ്തി ഭീഷണിയില്‍ മനംനൊന്ത് കര്‍ഷകന്‍ ജീവിതം അവസാനിപ്പിച്ചിരുന്നു. കോഴിക്കോട് പേരാമ്ബ്ര അരികുളം കുരുടിമുക്ക് കോരത്ത്കുനി ( താപ്പള്ളിതാഴ ) വേലായുധന്‍ (64) ആയിരുന്നു ആത്മഹത്യ ചെയ്തത്. വേലായുധന്‍ ആത്മഹത്യ ചെയ്തത് ജപ്തി ഭീഷണിയെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. വീട്ടുവളപ്പിലെ മാവിലാണ് വേലായുധനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തുന്നത്.

കൊയിലാണ്ടി കോ – ഓപ്പറേറ്റിവ് അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് ബാങ്കില്‍ നിന്ന് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി മൂന്ന് തവണകളായി ഒമ്ബത് ലക്ഷം രൂപ വേലായുധന്‍ വായ്പ എടുത്തിരുന്നു. ഈ ഇനത്തില്‍ പലിശ അടക്കം 9,25,182 രൂപ ബാങ്കിന് നല്‍കാനുണ്ടായിരുന്നു. എന്നാല്‍, പല കാരണങ്ങളാല്‍ വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ കഴിഞ്ഞ ദിവസം ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി നോട്ടീസ് നല്‍കുകയായിരുന്നു.നവംബര്‍ 30-നകം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 4,80,840 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് നല്‍കിയത്. എന്നാല്‍, തിരിച്ചടവിന് സാവകാശം നല്‍കണമെന്ന് വേലായുധന്‍ ആവശ്യപ്പെട്ടു. ബാങ്ക് ഇത് അനുവദിച്ച്‌ നല്‍കിയില്ലെന്ന് വേലായുധനന്‍റെ വീട്ടുകാര്‍ ആരോപിച്ചു.