ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്ന് ഒന്നര ലക്ഷം രൂപയുടെ വ്യാജ കറന്‍സി നോട്ട് പിടികൂടി

single-img
12 December 2022

ലഖ്നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്ന് ഒന്നര ലക്ഷം രൂപയുടെ വ്യാജ കറന്‍സി നോട്ട് പിടികൂടി.

ആഗ്ര റെയില്‍വേ പൊലീസ് ശനിയാഴ്ച മഥുര ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ഒന്നര ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ പിടികൂടുകയും ചെയ്തു. വ്യാജ കറന്‍സി അച്ചടിക്കാന്‍ ചൈനീസ് കമ്ബനിയുടെ പേപ്പറാണ് ഉപയോഗിച്ചതെന്ന് പ്രതികള്‍ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

രാജസ്ഥാനിലെ സവായ് മധോപൂര്‍ സ്വദേശി കലീമുള്ള ഖാസി, രാജസ്ഥാനിലെ കോട്ട സ്വദേശി മുഹമ്മദ് തഖീം, ബിഹാറിലെ കതിഹാര്‍ സ്വദേശി ധര്‍മേന്ദ്ര എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പശ്ചിമ ബംഗാള്‍ സ്വദേശികളായ സനൗള്‍, മുസ്തഫ, സിയാവുള്‍, വാരണാസി സ്വദേശി റൗണക് എന്നിവര്‍ക്കും കള്ളനോട്ടടിയില്‍ പങ്കുണ്ടെന്ന് പ്രതികള്‍ വെളിപ്പെടുത്തി. ഇന്‍സ്‌പെക്ടര്‍ വികാസ് സക്‌സേനയുടെ നേതൃത്വത്തിലുള്ള റെയില്‍വേ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. 500 രൂപയുടെ വ്യാജ കറന്‍സികളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.

നോട്ടുകള്‍, ഭാഗികമായി അച്ചടിച്ച നോട്ടുകള്‍, കറന്‍സി അച്ചടിക്കാന്‍ ഉപയോഗിച്ച പേപ്പര്‍ എന്നിവയും ഇവരില്‍ നിന്ന് കണ്ടെടുത്തു. ഒന്നര ലക്ഷം രൂപയുടെ 300 കള്ളനോട്ടുകളും അച്ചടി പൂര്‍ത്തിയാകാത്ത 500, 2000 രൂപ നോട്ടുകളും പിടിച്ചെടുത്തു. 500 രൂപ കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ ഉപയോഗിക്കുന്ന പച്ച മഷിയും ചൈനീസ് കമ്ബനിയില്‍ നിന്നാണ് ഇവര്‍ക്ക് ലഭിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഗ്വാങ്‌ഷു ബോണഡ്രി കോ ലിമിറ്റഡ് എന്ന ചൈനീസ് കമ്ബനിയില്‍ നിന്നാണ് വ്യാജ നോട്ടുകള്‍ അച്ചടിക്കാന്‍ ഉപയോഗിച്ച കടലാസ് എത്തിച്ചതെന്ന് പ്രതികളിലൊരാള്‍ പൊലീസിനോട് പറഞ്ഞു. ഒരു ഷീറ്റ് പേപ്പറില്‍ നാല് കള്ള നോട്ടുകള്‍ അച്ചടിക്കാന്‍ കഴിയുമെന്നും അത്തരം 36 ഷീറ്റുകള്‍ ഇവരുടെ കൈവശമുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. 2.75 ലക്ഷം രൂപയുടെ വ്യാജ കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ പര്യാപ്തമായ 550 ഷീറ്റ് സെക്യൂരിറ്റി പേപ്പറുകള്‍ ഉണ്ടെന്ന് പ്രതികള്‍ പിന്നീട് സമ്മതിച്ചു.

പെട്ടെന്ന് കണ്ടുപിടിക്കാന്‍ സാധിക്കാത്ത തരത്തില്‍ അതിവിദഗ്ധമായാണ് ഇവര്‍ കള്ളനോട്ട് അച്ചടിച്ചതെന്നും പൊലീസ് പറഞ്ഞു. ചൈനയില്‍ നിന്ന് സെക്യൂരിറ്റി പേപ്പറില്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ പരിശീലനം ലഭിച്ച പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയാണ് സംഘത്തിന്റെ കേന്ദ്രമെന്ന് കലീമുള്ള സമ്മതിച്ചു. അച്ചടിച്ചതിന് ശേഷം, ചില റെയില്‍വേ ജീവനക്കാരുടെ പങ്കോടെ വ്യാജ കറന്‍സി നോട്ടുകളുടെ വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്ന വാരാണസിയിലെ റൗണക്കിന് അയക്കും. ഇയാളാണ് നോട്ട് വിവിധ ഭാഗങ്ങളില്‍‌ വിതരണം ചെയ്യുക.

സംഭവം എന്‍ഐഎ, എടിഎസ് തുടങ്ങിയ അന്വേഷണ ഏജന്‍സികളെ അറിയിച്ചു. കോടിക്കണക്കിന് രൂപയുടെ കള്ളനോട്ടുകള്‍ സംഘം രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ടാകാമെന്ന് ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചു. നോട്ടുകള്‍ അച്ചടിക്കാന്‍ ഉപയോഗിക്കുന്ന സെക്യൂരിറ്റി പേപ്പറിന്റെയും മഷിയുടെയും വിതരണക്കാരന്‍ ചൈനീസ് കമ്ബനിയായതിനാല്‍ നയതന്ത്ര പ്രശ്‌നമാണെന്നും ഇന്ത്യയിലെ വ്യാജ കറന്‍സി ഭീഷണി ഇല്ലാതാക്കാന്‍ ദേശീയ ഏജന്‍സികളെ രംഗത്തിറക്കുമെന്നും അധികൃതര്‍ പറഞ്ഞു. റാക്കറ്റുമായി ബന്ധമുള്ള എല്ലാ പ്രതികളെയും പിടികൂടാന്‍ വാരണാസി, മാള്‍ഡ, മുംബൈ എന്നിവിടങ്ങളിലേക്ക് പൊലീസ് സംഘത്തെ നിയോഗിച്ചു.