ശസ്ത്രക്രിയക്ക് ശേഷം വയര്‍ തുന്നിച്ചേര്‍ക്കാതിരുന്ന സംഭവം; പത്തനാപുരം സ്വദേശി ഷീബ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ പൂര്‍ത്തിയാക്കി തിരിച്ചെത്തി

single-img
21 April 2023

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലടക്കം ചികിത്സ പിഴവ് ആരോപിച്ച പത്തനാപുരം സ്വദേശി ഷീബ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ പൂര്‍ത്തിയാക്കി തിരിച്ചെത്തി.

വിവാദമുണ്ടായപ്പോള്‍ ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ആരും ബന്ധപ്പെട്ടില്ലെന്നു യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചികിത്സയില്‍ വീഴ്ച വരുത്തിയ ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് സംരക്ഷിക്കുന്നതായും യുവതി ആരോപിച്ചു. ആരോഗ്യം വീണ്ടെടുത്തതായി ഷീബ പറഞ്ഞു. മുറിവ് ഉണങ്ങിത്തുടങ്ങി. കുഴപ്പമൊന്നുമില്ല. ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നുണ്ടെന്നും ഷീബ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പത്തനാപുരം മുല്ലൂര്‍ നിരപ്പ് സ്വദേശിനി കെ ഷീബക്കാണ് ഗുരുതര ചികിത്സാ പിഴവുണ്ടായത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വയറു വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷീബയുടെ ഗര്‍ഭാശയത്തില്‍ മുഴ കണ്ടെത്തിയത്. തുടര്‍ന്ന് ഗര്‍ഭാശയം നീക്കം ചെയ്യാന്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. ഒന്നര മാസത്തിന് ശേഷം ആരോഗ്യ നില മോശമായതോടെ കൊല്ലം ജില്ലാ ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ നടത്തി. എന്നാല്‍ വേദനക്ക് ശമനമുണ്ടായില്ല. പാരിപ്പള്ളി, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ ചികിത്സക്കായി ചെന്നെങ്കിലും അവഗണന മാത്രമാണ് ഉണ്ടായതെന്ന് 47കാരി ആരോപിച്ചിരുന്നു

കൊല്ലത്തെ സ്വകാര്യാശുപത്രി, പുനലൂര്‍ താലൂക്ക് ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് ചികിത്സക്ക് വിധേയയായത്. ഇതില്‍ 2022 ഡിസംബര്‍ 17ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ ശസ്ത്രക്രിയ വയര്‍ കുറുകെ കീറിയാണ് നടത്തിയത്. തുടര്‍ന്ന് വയര്‍ തുന്നിച്ചേര്‍ക്കാതെ ബസില്‍ കയറ്റി വിട്ടെന്നാണ് പരാതി. പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടര്‍ന്ന് ഷീബയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു സ്വകാര്യ ആശുപത്രിയില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുകയും ചെയ്തു.