ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് വഴികൊടുക്കാതെ പാഞ്ഞ് കാര്‍, ഇടയ്ക്ക് ബ്രേക്കിട്ട് അഭ്യാസം; തടസം സൃഷ്ടിച്ചത് കിലോമീറ്ററുകളോളം

single-img
18 May 2023

വഴികൊടുക്കാതെ പാഞ്ഞ് കാര്‍, ഇടയ്ക്ക് ബ്രേക്കിട്ട് അഭ്യാസം; തടസം സൃഷ്ടിച്ചത് കിലോമീറ്ററുകളോളം.രക്ത സമ്മര്‍ദം കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു രോഗിയുമായി കോഴിക്കോട് ബാലുശേരി താലൂക്ക് ആശുപത്രിയില്‍നിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലന്‍സ്. ചേളന്നൂര്‍ 7/6 മുതല്‍ കക്കോടി ബൈപാസ് വരെയാണ് കാര്‍ പ്രയാസം സൃഷ്ടിച്ചത്. സൈറണ്‍ മുഴക്കി ഓടുന്ന ആംബുലന്‍സ് നിരന്തരം ഹോണ്‍ മുഴക്കിയിട്ടും വഴിമാറിക്കൊടുക്കാതെ പായുകയായിരുന്നു കാര്‍. ഇടയ്ക്ക് ബ്രേക്കിടുകയും ചെയ്തതായി ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു. കാര്‍ തുടര്‍ച്ചയായി ബ്രേക്കിട്ടതോടെ രോഗിയുടെ ബന്ധുക്കള്‍ ആംബുലന്‍സിനുള്ളില്‍ തെറിച്ചു വീഴുന്ന സാഹചര്യവും ഉണ്ടായി.

ആംബുലന്‍സിന് മുന്നില്‍ നിന്ന് മാറാതെ തടസം സൃഷ്ടിച്ചതോടെ ആംബുലന്‍സിനുള്ളില്‍ ഉണ്ടായിരുന്നവര്‍ കാറിന്റെ വിഡിയോ പകര്‍ത്തി. വണ്‍വേ ആയ കക്കോടി ബൈപാസില്‍ വച്ചാണ് ഒടുവില്‍ ആംബുലന്‍സിനു കാറിനെ മറികടക്കാനായത്. അതുവരെ കാര്‍ അഭ്യാസം തുടരുകയായിരുന്നു. നടപടി ആവശ്യപ്പെട്ട് കാറിന്റെ ദൃശ്യങ്ങള്‍ സഹിതം രോഗിയുടെ ബന്ധുക്കള്‍ പൊലീസിലും നന്മണ്ട എസ്‌ആര്‍ടിഒ അധികൃതര്‍ക്കും പരാതി നല്‍കി.