നായക്കുട്ടിയാണെന്ന് കരുതി വളർത്തിയത് കരടിയെ ; മനസ്സിലായത് രണ്ട് വർഷം കഴിഞ്ഞപ്പോൾ


നായയാണെന്ന് കരുതി വീട്ടുകാർ രണ്ടു വർഷത്തോളം വളർത്തി വലുതാക്കിയ ജീവി ഒടുവിൽ വളർന്നു വലുതായപ്പോൾ കരടിയായി. ചെെനയിലെ യോന്നാൻ എന്ന പ്രവിശ്യയിലെ ഗ്രാമത്തിലെ സു യൻ എന്നയാളുടെ വീട്ടിലാണ് അദ്ഭുതകരമായ സംഭവമുണ്ടായത്. രണ്ടു വർഷത്തോളം വളർത്തി വലുതാക്കിയതിന് ശേഷമാണ് അവരുടെ നായ്ക്കുട്ടി വംശനാശ ഭീഷണി നേരിടുന്ന ഏഷ്യൻ കരടിയാണെന്ന് തിരിച്ചറിഞ്ഞത്.
2016ലെ ഒരു അവധിക്കാലത്തായിരുന്നു ഈ വീട്ടുകാർ ടിബറ്റൻ നായ്ക്കുട്ടിയെ വാങ്ങുന്നത്. രണ്ടു വർഷത്തോളം വളർത്തി വലുതാക്കി. എന്നാൽ വളർന്നു വലുതായപ്പോൾ അതൊരു കരടിക്കുട്ടിയായി മാറുകയായിരുന്നു. കറുപ്പും ബ്രൗണും നിറങ്ങൾ കൂടിയുള്ളതാണ് സാധാരണ ഗതിയിൽ ടിബറ്റൻ നായക്കുട്ടികൾ. ഇവ വളർന്നു വലുതാവുമ്പോൾ ഏകദേശം 69കിലോയോളം തൂക്കം വരും.
കൂടിയ അളവിൽ ഭക്ഷണം കഴിച്ചിരുന്നതായി സു യൻ പറയുന്നു. ഒരുപെട്ടി പഴങ്ങളും രണ്ടു ബക്കറ്റ് ന്യൂഡിൽസുമൊക്കെയാണ് കഴിച്ചിരുന്നത്. ഈ രീതി വീട്ടുകാരനിൽ സംശയം ജനിപ്പിച്ചിരുന്നു. അതിനുശേഷമാണ് വളർന്നു വരുമ്പോൾ നായ്ക്കുട്ടിക്ക് കരടിയുടെ രൂപസാദൃശ്യമുണ്ടാവുന്നത്.
തങ്ങൾ വളർത്തുന്നത് കരടിയാണെന്ന് തിരിച്ചറിഞ്ഞതോടെ സു യൻ അധികൃതരെ ബന്ധപ്പെടുകയായിരുന്നു. വന്യജീവികളെ വീടുകളിൽ വളർത്തുന്നത് നിയമവിരുദ്ധമാണ്. ഈ സാഹചര്യത്തിലാണ് സു യൻ അധികൃതരെ സമീപിച്ചത്. അധികൃതർ എത്തുകയും കരടിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതോടെ നായ്ക്കുട്ടിയെ കൊണ്ടുപോവുകയായിരുന്നു.
ഈ കരടിക്ക് 182കിലോ ഗ്രാം തൂക്കവും മൂന്നടി ഉയരവുമുണ്ട്. അധികൃതർ കരടിയെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അവിടെ നിരീക്ഷണത്തിൽ തുടരുകയാണ്. ഹിമാലയൻ കരടി അല്ലെങ്കിൽ ചന്ദ്രക്കരടി എന്നും അറിയപ്പെടുന്ന പൂർണ്ണവളർച്ചയെത്തിയ ആൺ ഏഷ്യൻ കരടിക്ക് 200 കിലോ വരെ ഭാരമുണ്ടാകും. 2018ൽ ആദ്യമായി ഈ അദ്ഭുതകരമായ കഥ പുറംലോകത്തെത്തിയിരുന്നെങ്കിലും ഇപ്പോൾ വീണ്ടും വൈറലാവുകയായിരുന്നു.