ബസിനുള്ളില്‍ വെച്ച്‌ സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം;49 കാരൻ അറസ്റ്റിൽ

single-img
18 January 2023

കോഴിക്കോട്: ബസിനുള്ളില്‍ വെച്ച്‌ സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 49 കാരനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

ബാലുശ്ശേരി എരമംഗലം ഓര്‍ക്കാട്ടുമീത്തല്‍ ബാബു എന്ന മധുവിനെ(49) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനിയാണ് ഇയാളുടെ ലൈംഗിക അതിക്രമത്തിന് ഇരയായത്.

വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ താമരശ്ശേരി ഡി.വൈ.എസ്.പി. ടി.കെ. അഷ്റഫിന്‍റെ നിര്‍ദേശത്തില്‍ പൊലീസ് പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ എളേറ്റില്‍ വട്ടോളിയില്‍ ടയര്‍ കട നടത്തുകയായിരുന്നു പ്രതി ബാബു ഒളിവില്‍ പോയി. ഇയാളെ മഞ്ചേരിയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്.

കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ എസ് ഐമാരായ അനൂപ് അരീക്കര, എസ് ആര്‍ രശ്മി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഇ പി അബ്ദുല്‍ റഹീം, സിപിഒ മരായ ജിനീഷ്, ഷെഫീഖ് നീലിയാനിക്കല്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ബാബുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

അതിനിടെ കോഴിക്കോട് മുക്കം കൊടിയത്തൂര്‍ പിടിഎംഎച്ച്‌ സ്കൂളില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപകെതിരെ പൊലീസ്കേ സെടുത്തു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മാഹീന്‍റെ പരാതിയില്‍ അറബിക് അധ്യാപകനായ കമറുദ്ദീനെതിരെയാണ് പൊലീസ് കേസെടുത്തത്. ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. വരാന്തയില്‍ കൂടെ പോവുകയായിരുന്ന കമറുദ്ദീന്‍ ക്ലാസില്‍ കയറി മാഹിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

കുട്ടിയുടെ ഷോള്‍ഡര്‍ ഭാഗത്തേറ്റ നിരന്തര മര്‍ദ്ദനത്തെ തുടര്‍ന്ന് പേശികളില്‍ ചതവുണ്ടായി. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ മാഹീന് പുലര്‍ച്ചയോടെ വേദന കൂടി.തുടര്‍ന്ന് രാത്രി ഒരു മണിയോടെ മാഹിനെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് പിതാവ് പറയുന്നത്. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ സ്കൂളില്‍ പോയ സമയത്ത് അവിടെയുണ്ടായിരുന്ന അധ്യാപകര്‍, കമറുദ്ദീനെ ന്യായീകരിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.