ബഹ്‌റൈനില്‍ നിയമലംഘകരായ 916 പ്രവാസികളെ നാടുകടത്തി

single-img
23 November 2022

മനാമ: ബഹ്‌റൈനില്‍ താമസ നിയമലംഘകരായ 916 പ്രവാസികളെ നാടുകടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് ഇത്രയും പ്രവാസികളെ നാടുകടത്തിയത്. ഇതേ കാലയളവില്‍ തന്നെ പിഴ ഇനത്തില്‍ 409,000 ദിനാറാണ് ലഭിച്ചത്.

രേഖകളില്ലാത്ത പ്രവാസി തൊഴിലാളികള്‍ക്കായി രാജ്യത്താകമാനം വ്യാപകമായി നടത്തിയ പരിശാേധനയുടെ ഫലമായാണ് ഇത്രയും നിയമലംഘകരെ പിടികൂടിയത്. അതോറിറ്റിയുടെ സംഘങ്ങള്‍ ആകെ 18,158 പരിശോധനകളാണ് നടത്തിയത്. ഇതില്‍ ഈ വര്‍ഷം ഒമ്ബത് മാസത്തിനിടെ 1,600 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഈ സന്ദര്‍ശനങ്ങളില്‍ 185 എണ്ണം മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിച്ച്‌ നടത്തിയതാണ്. നാഷണാലിറ്റി, പാസ്‌പോര്‍ട്ട് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ്, ആരോഗ്യ മന്ത്രാലയം, വ്യാവസായിക, വാണിജ്യ മന്ത്രാലയം മുന്‍സിപ്പല്‍ കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ചാണ് പ്രധാനമായും പരിശോധനകള്‍ നടത്തിയത്.

പ്രവാസി തൊഴിലാളികളുടെ ജോലിസ്ഥലങ്ങള്‍, വിവിധ സ്ഥാപനങ്ങള്‍, ഇവര്‍ ഒത്തുചേരുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പരിശോധനകള്‍ ശക്തമാക്കിയതായി എല്‍എംആര്‍എ ചീഫ് എക്‌സിക്യൂട്ടീവ് നൗഫ് ജംഷീര്‍ പറഞ്ഞു. പെര്‍മിറ്റില്ലാതെ പ്രവാസി തൊഴിലാളികളെ ജോലിക്ക് നിര്‍ത്തിയതും മറ്റ് നിബന്ധനകള്‍ പാലിക്കാത്തതുമുള്‍പ്പെടെയുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. നിയമലംഘകരില്‍ 977 പേര്‍ തൊഴിലാളികളും 631 പേര്‍ തൊഴിലുടമകളുമാണ്. 570 കേസുകള്‍ പബ്ലിക് പ്രോസിക്യൂഷനും പിന്നീട് ക്രിമിനല്‍ കോടതിക്കും കൈമാറിയെന്നും എല്‍എംആര്‍എ വ്യക്തമാക്കി. ഇവയില്‍ 16 എണ്ണം നിര്‍ബന്ധിത തൊഴിലുമായി ബന്ധപ്പെട്ടതാണ്. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷനും കോടതിയും 916 പേരെ നാടുകടത്താനും ഉത്തരവിട്ടു.

തുടര്‍ച്ചയായ പരിശോധനകളിലൂടെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചിട്ടുണ്ട്. രാജ്യത്തെ തൊഴില്‍ വിപണിയിലെ നിയമവിരുദ്ധ പ്രവണതകള്‍ തടയാനുള്ള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നിയമലംഘനങ്ങള്‍ 17506055 എന്ന നമ്ബറില്‍ വിളിച്ച്‌ പരാതികള്‍ അറിയിക്കണമെന്നാണ് നിര്‍ദേശം.