പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലില്‍ തകര്‍ത്തത് 70 കെ എസ് ആര്‍ ടി സി ബസുകള്‍

single-img
24 September 2022

ദേശീയ, സംസ്ഥാന നേതാക്കളെ എന്‍ ഐ എ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലില്‍ തകര്‍ത്തത് 70 കെ എസ് ആര്‍ ടി സി ബസുകള്‍.

ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ നടന്ന ഹര്‍ത്താലില്‍ സംസ്ഥാനത്തുടനീളം മറ്റു വാഹനങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടായി. ഹര്‍ത്താലിന്റെ തുടക്കത്തില്‍ സ്ഥിതിഗതികള്‍ ശാന്തമായിരുന്നെങ്കിലും പെട്ടെന്നു സ്ഥിതി മാറുകയായിരുന്നു.

കോഴിക്കോട് സിവില്‍ സ്റ്റേഷനു സമീപം കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. ബസിന്റെ ചില്ല് പൂര്‍ണമായും തകര്‍ന്നു. ബസിന്റെ ഡ്രൈവര്‍ ശശിക്ക് കണ്ണിന് പരുക്കേറ്റു. മറ്റു പലയിടങ്ങളിലും ബസിനു നേരെ ആക്രമണമുണ്ടായതോടെ പലയിടത്തും ഹെല്‍മെറ്റ് വച്ചാണു ഡ്രൈവര്‍മാര്‍ ബസ് ഓടിച്ചത്.കാട്ടക്കടയില്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയായിരുന്നു സമരക്കാര്‍ ബസ് തടഞ്ഞത്.

കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ചു വീഴ്ത്തി. ഇരവിപുരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ആന്റണി, കൊല്ലം എ ആര്‍ ക്യാമ്ബിലെ സിവില്‍ പൊലീസ് ഓഫിസര്‍ നിഖില്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്.കണ്ണൂര്‍ മട്ടന്നൂര്‍ ഇല്ലന്‍മൂലയിലെ ആര്‍ എസ് എസ് കാര്യാലയത്തിനു നേരെ പെട്രോള്‍ ബോംബേറുണ്ടായി. കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഉളിയില്‍ നരയന്‍പാറയില്‍ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയും ബോംബേറുണ്ടായി. പാപ്പിനിശേരിയില്‍ ബോംബുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ പൊലീസ് പിടികൂടി. മാങ്കടവ് സ്വദേശി അനസാണ് പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമസംഭവങ്ങളിലേര്‍പ്പെട്ട നിരവധി പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇതുസംബന്ധിച്ച കണക്ക് ലഭ്യമായിട്ടില്ല.