പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളില്‍ 5 കോടി 20 ലക്ഷം കെട്ടിവയ്ക്കണം;തുക കെട്ടി വച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി 

single-img
29 September 2022

കൊച്ചി: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളില്‍ കടുത്ത നടപടിയുമായി ഹൈക്കോടതി.

ഹര്‍ത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ പേരില്‍ കെഎസ്‌ആര്‍ടിസിയും സര്‍ക്കാരും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ 5 കോടി 20 ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. എതിര്‍കക്ഷികളായ പോപ്പുലര്‍ ഫ്രണ്ടും പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറുമാണ് ഈ തുക കെട്ടിവയ്ക്കേണ്ടത്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവയ്ക്കണമെന്നും ഡിവിഷന്‍ ബെ‍ഞ്ച് ഉത്തരവിട്ടു. തുക കെട്ടി വച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി ആക്‌ട് അനുസരിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അര്‍ഹരായവര്‍ക്ക് പണം നല്‍കാന്‍ ക്ലെയിംസ് കമ്മീഷണറേയും ഹൈക്കോടതി നിശ്ചയിച്ചു. അഡ്വ. പി.ഡി.ശാര്‍ങധരന്‍ ആണ് ക്ലെയിംസ് കമ്മീഷണര്‍.

ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മുന്‍പാകെയാണ് തുക കെട്ടി വയ്ക്കേണ്ടത്. ഇങ്ങനെ കെട്ടിവയ്ക്കുന്ന തുക ക്ലെയിംസ് കമ്മീഷണര്‍ മുഖേന വിതരണം ചെയ്യും. സര്‍ക്കാരും കെഎസ്‌ആര്‍ടിസിയും നല്‍കിയ കണക്ക് പ്രകാരമാണ് കോടതി തുക നിശ്ചയിച്ചത്. നഷ്ടം ഇതിലധികമാണെങ്കില്‍ ആ തുകയും ക്ലെയിംസ് കമ്മീഷണര്‍ക്ക് മുമ്ബാകെ കെട്ടിവയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറിനെ കേരളത്തിലെ മുഴുവന്‍ കേസുകളിലും പ്രതിയാക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. സര്‍ക്കാരിനോടാണ് ഇക്കാര്യം നിര്‍ദേശിച്ചത്. നഷ്ടപരിഹാരത്തുക കെട്ടിവച്ചേ ജാമ്യം നല്‍കാവൂ എന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ എല്ലാ മജിസ്ട്രേട്ട് കോടതികള്‍ക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി. ഹര്‍ത്താലില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. മിന്നല്‍ ഹര്‍ത്താലിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

കേസ് പരിഗണിക്കവേ, പിഎഫ്‌ഐ ഹര്‍ത്താലുമായി ബന്ധപ്പെട്ട ആക്രമ സംഭവങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 487കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. 1,992 പേരെ അറസ്റ്റ് ചെയ്തു. 687 പേരെ കരുതല്‍ കസ്റ്റഡിയിലെടുത്തുവെന്നും സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു.