ആര്‍ബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സൈബര്‍ തട്ടിപ്പിലൂടെ വനിതാ ഡോക്ടറുടെ 4.47 കോടി രൂപ തട്ടിയെടുത്തു


ആര്‍ബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സൈബര്‍ തട്ടിപ്പിലൂടെ വനിതാ ഡോക്ടറുടെ 4.47 കോടി രൂപ തട്ടിയെടുത്തു.
ഡോക്ടറുമായി ബന്ധമുള്ള എംഡിഎംഎ അടങ്ങിയ പാര്‍സല്‍ പിടിച്ചെടുത്തായി കള്ളം പറഞ്ഞാണ് തട്ടിപ്പ് സംഘം ഡോക്ടറെ വലയില്‍ വീഴ്ത്തിയത്. തനിക്ക് ഈ പാര്‍സലുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് പറഞ്ഞ ഡോക്ടറോട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ട് വിശ്വാസത്തിലെടുത്താണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. ആര്‍ബിഐ ഉദ്യോഗസ്ഥര്‍ക്ക് പുറമേ പൊലീസ്, കസ്റ്റംസ്, നര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ ചമഞ്ഞുമാണ് സംഘം തട്ടിപ്പ് നടത്തിയതെന്നും പൊലീസ് പറയുന്നു.
ഒരു ഫോണ്‍ കോളിലൂടെയാണ് തട്ടിപ്പിന് തുടക്കം. ഡോക്ടറുമായി ബന്ധമുള്ള പാര്‍സല്‍ പിടിച്ചെടുത്തതായി അറിയിച്ചു കൊണ്ടായിരുന്നു തട്ടിപ്പ്. പാര്‍സലില്‍ പാസ്‌പോര്‍ട്ടും വസ്ത്രങ്ങളും ഷൂസും ബാങ്ക് രേഖകളും 140 ഗ്രാം എംഡിഎംഎയും ഉള്‍പ്പെടുന്നതായി തട്ടിപ്പുകാരന്‍ പറഞ്ഞു. ആര്‍ബിഐ ഉദ്യോഗസ്ഥര്‍ എന്ന് ചമഞ്ഞാണ് ഫോണ്‍ വിളിച്ചതെന്നും പൊലീസ് പറയുന്നു.
പാര്‍സലുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് വനിതാ ഡോക്ടര്‍ പറഞ്ഞു. പിന്നാലെ അന്ധേരി പൊലീസ് സ്റ്റേഷനില്‍ ഓണ്‍ലൈന്‍ വഴി പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് സ്‌കൈപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടതായി വനിതാ ഡോക്ടറുടെ പരാതിയില്‍ പറയുന്നു.
ഇന്‍സ്‌പെക്ടര്‍ എന്ന് സ്വയം പരിചയപ്പെടുത്തി ഒരു സ്ത്രീയാണ് സ്‌കൈപ്പില്‍ വന്നത്. ഡോക്ടറുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് 23 ബാങ്ക് അക്കൗണ്ടുകള്‍ തുറന്നതായും ഇത് കള്ളപ്പണ വെളുപ്പിക്കല്‍ കേസാണെന്നും മറ്റും പരസ്പരം പറഞ്ഞ് ഡോക്ടറെ ഭയപ്പെടുത്തിയായിരുന്നു തട്ടിപ്പെന്നും പൊലീസ് പറയുന്നു.
പിന്നാലെ ഡോക്ടറോട് ബാങ്ക് വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. ഭയന്ന ഡോക്ടര്‍ സ്ഥിരംനിക്ഷേപം അടക്കം മുഴുവന്‍ സാമ്ബത്തിക വിവരങ്ങളും കൈമാറിയതായി പൊലീസ് പറയുന്നു. ആര്‍ബിഐ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ആര്‍ടിജിഎസ് ഫോം പൂരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ വിവിധ അന്വേഷണ ഏജന്‍സികളുടെ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന വ്യത്യസ്ത ഇടപാടുകളിലായി വനിതാ ഡോക്ടറുടെ 4.47 കോടി രൂപ തട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.