തൃക്കാക്കരയിൽ പിണറായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ചങ്ങല പൊട്ടിയ നായയെ പോലെ; അധിക്ഷേപവുമായി കെ സുധാകരൻ

single-img
17 May 2022

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി വിജയൻ തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ചങ്ങല പൊട്ടിയ നായയെ പോലെയാണെന്ന് സുധാകരന്‍ പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധാരകന്റെ വിവാദ പ്രതികരണം. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കണ്ട് കോണ്‍ഗ്രസിന് ഹാലിളകിയിട്ടില്ല. ഹാലിളകിയത് മുഖ്യമന്ത്രിക്കാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന ബോധം അദ്ദേഹത്തിന് ഉണ്ടോ, അദ്ദേഹത്തെ നിയന്ത്രിക്കാനോ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാനോ ആരെങ്കിലും ഉണ്ടോ. ഒരു ഉപതെരഞ്ഞെടുപ്പിൽ നായി ചങ്ങല പൊട്ടിച്ച് വരുന്നതുപോലെയല്ലെ അദ്ദേഹം നടക്കുന്നത്, സുധാകരന്‍ പറഞ്ഞു.

ഇന്ത്യാ രാജ്യത്തിന്റെ ചരിത്രം ആദ്യം വായിക്കണം. നമ്മുടെ രാജ്യത്തിന്റെ വികസനത്തിന്റെ ഒറ്റ അവകാശിയേ ഉള്ളു. അത് കോണ്‍ഗ്രസാണ്. 1947ല്‍ നമുക്ക് സ്വാതന്ത്യം കിട്ടുമ്പോള്‍ നമ്മുടെ നാടിന്റെ അവസ്ഥ പരിതാപകമായിരുന്നു. കഴിക്കാന്‍ അരിയോ ഉടുക്കാന്‍ തുണിയോ ഇല്ലായിരുന്നു. പക്ഷെ ഇന്ന് അരിയും തുണിയും അടക്കം മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന നിലയിലേക്ക് എത്തി.

ഇന്ത്യ എന്ന രാജ്യം ഇന്ന് വികസന വഴിയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിന് അവകാശി കോണ്‍ഗ്രസാണ്. എന്നാല്‍ ഇടതുപക്ഷം ഭരിച്ച ബംഗാളിലും കേരളത്തിലും എന്താണ് സ്ഥിതിയെന്നും, കേരളത്തിന്റെ വികസനത്തില്‍ എല്‍ഡിഎഫിന് വല്ല പങ്കും ഉണ്ടെങ്കില്‍ അത് കാണിക്കട്ടെയെന്നും സുധാകരന്‍ പറഞ്ഞു.