ആഗോളതലത്തിൽ 150 കോടി കളക്ഷൻ ; ‘2018’ പുലിമുരുകന്റെ റെക്കോർഡ് മറികടന്നു

single-img
27 May 2023

ജൂഡ് ആന്റണി ‘2018’ മികച്ച പ്രേക്ഷക സ്വീകാര്യതയോടെ ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഈ മാസം 5 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ആഗോളതലത്തിൽ 150 കോടി കളക്ഷൻ നേടി. ചിത്രത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ പുതിയ നേട്ടത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.

2018 നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘150 കോടിയുമായി നിൽക്കുമ്പോഴും ഞാൻ തല കുനിച്ച് ഹസ്തദാനം ചെയ്യുന്നു. നിങ്ങളും ജനങ്ങളും ഈ സിനിമയോട് കാണിക്കുന്ന സ്നേഹവും വാത്സല്യവുമാണ് ഈ സിനിമയെ ഇത്രയും ഉയരങ്ങളിൽ എത്തിച്ചത്. അമിതമായ ആഹ്ലാദമോ അഹങ്കാരമോ ഇല്ല. എല്ലാം ദൈവഹിതം- നിർമ്മാതാവ് വേണു കുന്നപ്പിള്ളി ഫേസ്ബുക്കിൽ എഴുതി.

ഇതോടെ ദേശീയ തലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോർഡും ‘2018’ സ്വന്തമാക്കി. നേരത്തെ മോഹൻലാൽ നായകനായ പുലിമുരുകൻ ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 146 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷൻ. എന്നാൽ ഈ റെക്കോർഡ് ജൂഡിന്റെ ‘2018’ മറികടന്നിരിക്കുകയാണ്.