അരിക്കൊമ്ബനെ തളയ്ക്കാനുള്ള കൂട് നിര്‍മ്മാണം നാളെ തുടങ്ങും

single-img
8 March 2023

ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്ബനെ തളയ്ക്കാനുള്ള കൂട് നിര്‍മ്മാണം നാളെ തുടങ്ങും.

കൂട് നിര്‍മ്മാണത്തിനായി ദേവികുളത്തു നിന്നും മുറിച്ച തടികള്‍ കോടനാട്ടേക്ക് കൊണ്ടു പോയി തുടങ്ങി. കഴിഞ്ഞയാഴ്ചയാണ് വയനാട്ടില്‍ നിന്നുള്ള പ്രത്യേക സംഘം മൂന്നാറിലെത്തിയത്. അരിക്കൊമ്ബനുള്ള കൂട് നിര്‍മ്മാണത്തിന് ആവശ്യമായ തടികള്‍ അടയാളപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഈ നൂറ്റി ഇരുപത്തിയെട്ട് മരങ്ങള്‍ മുറിച്ചു. ഇന്നലെ രാത്രി ആദ്യ ലോഡ് കോടനാടെത്തിച്ചു. ബാക്കിയുള്ളവ ഇന്ന് എത്തിക്കും.

കോടനാട് നിലവിലുണ്ടായിരുന്ന കൂടിന് മതിയായ സുരക്ഷ ഇല്ലാത്തതിനാലാണ് പുതിയത് പണിയാന്‍ തീരുമാനിച്ചത്. പണി പൂര്‍ത്തിയാകുന്നതോടെ വയനാട്ടില്‍ നിന്നുള്ള പ്രത്യേക ദൗത്യ സംഘം ഇടുക്കിയിലെത്തും. പാലക്കാടു നിന്നും മൂന്ന് കുങ്കിയാനകളെയും എത്തിക്കും. കുങ്കിയാനകള്‍ക്ക് ആദ്യ ദിവസ്സം വിശ്രമവും രണ്ടാം ദിവസം ആനകള്‍ക്ക് പരിശീലനവും നല്‍കും. അതിന് ശേഷമായിരിക്കും അരിക്കൊമ്ബനെ പിടികൂടാനുള്ള ദൗത്യത്തിലേക്ക് കടക്കുക. പതിനാലാം തീയതിക്കു മുമ്ബ് ഡോ അരുണ്‍ സഖറിയ ഉള്‍പ്പെടെയുള്ളവ‍ര്‍ എത്തും. 301 ആദിവാസി കോളനി, സിമന്‍റുപാലം എന്നിവിടങ്ങളില്‍ എവിടെയെങ്കിലും വച്ച്‌ മയക്കു വെടി വയ്ക്കാനാകുമെന്നാണ് കണക്കു കൂട്ടല്‍. അരിക്കൊമ്ബനെ സൗകര്യ പ്രദമായ സ്ഥലത്തേക്ക് എത്തിക്കാനുളള നടപടികളും വനംവകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്.