തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം അവസാനിച്ചു

single-img
29 May 2022

നിരവധി പ്രവര്‍ത്തകരെ അണിനിരത്തിയുള്ള വന്‍ ബൈക്ക് റോഡ് ഷോയോട് കൂടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പാലാരിവട്ടത്തേക്ക് കൊട്ടിക്കലാശത്തിനെത്തിയത്. മുതിര്‍ന്ന നേതാക്കളും ഉമ തോമസിനൊപ്പം കൊട്ടിക്കലാശത്തിനെത്തിയത് ആവേശം വിതറി.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണനാകട്ടെ പി.സി.ജോര്‍ജിനൊപ്പം നയിച്ച റോഡ് ഷോയ്ക്ക് ശേഷം കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ പാലാരിവട്ടത്തെത്തി. തുടര്‍ന്ന് ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ എത്തി നേതാക്കളോട് സംസാരിച്ച ശേഷമാണ് കൊട്ടിക്കലാശം നടക്കുന്ന പാലാരിവട്ടം ജംഗ്ഷനിലേക്ക് എത്തിയത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് മൂന്നു മണിയോടെ തന്നെ തന്റെ റോഡ് ഷോ അവസാനിപ്പിച്ചിരുന്നു. പിന്നീട് ചില വ്യക്തികളെ നേരില്‍ കണ്ട് വോട്ട് ചോദിക്കുന്നതിന്റെ തിരക്കിലായിരുന്നു സ്ഥാനാര്‍ത്ഥി. തുടര്‍ന്ന് അഞ്ചു മണിയോടെ സ്ഥാനാര്‍ത്ഥി പാലാരിവട്ടം ജംഗ്ഷനിലേക്ക് എത്തി. ഇതിനിടയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബൈക്ക് റാലിയും കാല്‍ നട റാലിയും രണ്ട് കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച് പാലാരിവട്ടത്ത് സമാപിച്ചു. പാലാരിവട്ടം ജംഗ്ഷനിലെ കൊട്ടിക്കലാശത്തിന് പുറമെ എല്‍ഡിഎഫ് ലോക്കല്‍ കമ്മിറ്റി കേന്ദ്രങ്ങളിലും കൊട്ടിക്കലാശം സംഘടിപ്പിച്ചിരുന്നു.

ഒരു മാസത്തോളം നീണ്ട ആവേശ പ്രചാരണത്തിനാണ് സമാപനം കുറിക്കുന്നത്. പി.സി ജോർജിന്റെ വിദ്വേഷപ്രസംഗവും, പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ കൊലവിളി മുദ്രാവാക്യവും ഉണ്ടാക്കിയ അടിയൊഴുക്കുകൾ വോട്ടാക്കാനുള്ള തത്രപ്പാടിലാണ് മുന്നണികൾ.

സ്ഥാനാർത്ഥികൾ രാവിലെ മുതൽ റോഡ് ഷോയിലായിരുന്നു. യു.ഡി.എഫിന്റെ പരമ്പരാഗത വോട്ട് ബാങ്ക് ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷങ്ങളാണ്. അതിനെ തകർക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശ്രമിക്കുന്നുവെന്ന തോന്നലിലാണ് യു.ഡി.എഫും കോൺഗ്രസും നീങ്ങുന്നത്. പി.ടി തോമസിനോടുള്ള സഹതാപം തുണയ്ക്കുമെന്ന് പ്രതീക്ഷയുണ്ട്.

വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്പോൾ സ്ഥാനാർത്ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്കാണ് ഊന്നുന്നത്. പരമ്പരാഗത വോട്ട് ബാങ്ക് കാക്കുന്നതിനൊപ്പം ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷ വോട്ട് ബാങ്കുകളിലേക്ക് കടന്നുകയറാനാണ് ഇടതുമുന്നണി ആദ്യം ശ്രമിച്ചത്. ഡോ.ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന എതിരാളികളുടെ പ്രചാരണം നേട്ടമാകുമെന്നും കണക്കുകൂട്ടൽ.