പ്രതിസന്ധികൾ നേരിട്ട് സംസ്ഥാനത്തെ മുന്നോട്ടു നയിക്കാൻ കരുത്തുള്ള ജന നായകന്മാർക്ക് മാത്രമേ കഴിയൂ ; പിണറായി വിജയന് ആ കരുത്തുണ്ട്: കെവി തോമസ്

single-img
12 May 2022

സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ-റെയിൽ പദ്ധതിയെ അനുകൂലിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. സംസ്ഥാനത്തിന്റെ പുരോഗതിക്കും, സംസ്ഥാന ഗതാഗത വികസനത്തിനും കെ-റെയിൽ പദ്ധതി ആവശ്യമാണ്.

ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സിൽവർ ലൈൻ പോലെയുള്ള ഹൈ സ്പീഡ് വികസന പദ്ധതികൾ വേണമെന്നും കെ വി തോമസ് അഭിപ്രായപ്പെട്ടു. പുതിയ പദ്ധതികൾ അവതരിപ്പിക്കുമ്പോൾ എതിർപ്പുകൾ സ്വാഭാവികമാണ്. കൊച്ചി മെട്രോ ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ പല പ്രതിസന്ധികൾ തരണം ചെയ്താണ് യാഥാർഥ്യമായത്.

പ്രതിസന്ധികൾ നേരിട്ട് സംസ്ഥാനത്തെ മുന്നോട്ടു നയിക്കാൻ കരുത്തുള്ള ജന നായകന്മാർക്ക് മാത്രമേ കഴിയൂ എന്നും ഇവിടെ പിണറായി വിജയന് ആ കരുത്തുണ്ടെന്നും കെ.വി തോമസ് കൂട്ടിച്ചേർത്തു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ ജനം വികസനത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് പാലാരിവട്ടത്ത് നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് കെ വി തോമസ് വേദിയിലെത്തിയത്.