ഇന്ത്യൻ പ്രധാനമന്ത്രി വിചാരിച്ചാൽ പാക് ക്രിക്കറ്റിന്റെ കഥ കഴിയും: റമീസ് രാജ

single-img
9 October 2021

ഇന്ത്യയുടെ പ്രധാനമന്ത്രി ഒന്ന് വിചാരിച്ചാൽ പാകിസ്ഥാൻ ക്രിക്കറ്റിന്റെ കഥ കഴിയുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർ‌ഡ് ചെയർമാനും മുൻ താരവുമായ റമീസ് രാജ. ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് സംഘടനകളായ ബി സി സി ഐയെയും പി സി ബിയെയും താരതമ്യപ്പെടുത്തിയാണ് റമീസ് രാജ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയുടെ ബി സി സി ഐ വിചാരിച്ചാൽ പി സി ബിയുടെ അവസാനമാകും. കാരണം, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ആകെ ഫണ്ടിന്റെ 90 ശതമാനവും വരുന്നത് ബി സി സി ഐയിൽനിന്നാണ്. അതേസമയം, ഐ സി സിയുടെ സാമ്പത്തിക സഹായം കൊണ്ടാണ് പി സി ബി മുന്നോട്ടു പോകുന്നത്. ഐ സി സിക്കാവട്ടെ 90 ശതമാനം വരുമാനവും കിട്ടുന്നത് ഇന്ത്യയിൽ നിന്നാണ്.

ഇക്കാര്യം വളരെ ആശങ്കയുണർത്തുന്ന ഒന്നാണ്. ഇന്ത്യയിലുള്ള പണക്കാരായ ബിസിനസുകാരാണ് ലോക ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത്. അതിലൂടെ പാക്ക് ക്രിക്കറ്റിനെയും. വരും കാലത്തിൽ പാകിസ്ഥാനു സഹായം നൽകരുത് എന്ന് ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും റമീസ് രാജ . പാകിസ്ഥാനിലെ സെനറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റിക്കു മുന്നിൽ പറഞ്ഞു.