അഫ്​ഗാനിലേക്കുള്ള വിമാനസർവീസുകൾ പുനഃരാരംഭിക്കണം; ഇന്ത്യക്ക് കത്തെഴുതി താലിബാന്‍

single-img
29 September 2021

ഇന്ത്യ അഫ്ഗാനിലേക്കുള്ള വിമാനസർവീസുകൾ പുനഃരാരംഭിക്കണമെന്ന്​ ആവശ്യപ്പെട്ട്​ താലിബാന്‍ ഇന്ത്യയുടെ ഡയറക്​ടർ ജനറൽ ഓഫ്​ സിവിൽ ഏവിയേഷന്​ കത്തയച്ചു. കഴിഞ്ഞ മാസത്തില്‍ താലിബാന്‍, അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇന്ത്യയുമായി നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണിതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇസ്‌ലാമിക്‌ എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന് പേരുള്ള ലെറ്റര്‍ഹെഡിലാണ് കത്തെഴുതിയിരിക്കുന്നത്. അഫ്​ഗാൻ എയർലൈനുകളായ കാം എയർ, അരീന അഫ്​ഗാൻ എന്നിവയെ സർവീസ്​ നടത്താൻ അനുവദിക്കണമെന്നാണ് ആവശ്യം. കത്ത്​ ലഭിച്ചകാര്യം ഡി ജി സി എ തലവൻ അരുൺ കുമാർ സ്ഥിരീകരിച്ചിട്ടുണ്ട്​. പക്ഷെ ഈ ആവശ്യത്തോട് ഇന്ത്യ ഇത് വരെ പ്രതികരിച്ചിട്ടില്ല .

സെപ്തംബര്‍ ഏഴാം തിയതി എഴുതിയിരിക്കുന്ന കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത് അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിയായ അല്‍ഹാജ് ഹമീദുള്ള അഖുന്‍സാദയാണ്. ഇപ്പോള്‍ അഫ്ഗാനിസ്താന് പുറത്തേക്ക് വിമാന സര്‍വീസുള്ള രണ്ട് രാജ്യങ്ങള്‍ ഇറാനും പാകിസ്താനുമാണ്. ഇതിന് പുറമെ യു.എ.ഇ, ഖത്തര്‍, തുര്‍ക്കി, ഉക്രൈന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളും ഉണ്ട്.