പ്രകാശ് ജാവദേക്കറും രവിശങ്കർ പ്രസാദും രാജിവെച്ചു; സ്മൃതി ഇറാനി തുടർന്നേക്കും; പ്രമുഖരുടെ ചീട്ട് കീറി മോദിയുടെ പുനഃസംഘടന

single-img
7 July 2021
Ravi Shankar Prasad, Prakash Javadekar, Cabinet reshuffle

കേന്ദ്രമന്ത്രിമാരും മുതിർന്ന ബിജെപി നേതാക്കളുമായ പ്രകാശ് ജാവദേക്കറും രവിശങ്കർ പ്രസാദും മന്ത്രിസ്ഥാനം രാജിവെച്ചു. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് രാജി. നേരത്തേ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ, കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍, തൊഴില്‍മന്ത്രി സന്തോഷ് ഗംഗ്വാര്‍ , രാസവസ്തു, രാസവള വകുപ്പ് മന്ത്രി ഡി വി സദാനന്ദ ഗൗഡ തുടങ്ങിയ പ്രമുഖർ രാജിവെച്ചിരുന്നു.

നിയമം, ഇലക്ട്രോണിക്സും ഇൻഫർമേഷൻ ടെക്നോളജിയും എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന രവി ശങ്കർ പ്രസാദിൻ്റെയും വാർത്താവിതരണ പ്രക്ഷേപണം, പരിസ്ഥിതി, വനം എന്നീ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന പ്രകാശ് ജവദേക്കറിൻ്റെയും രാജി തികച്ചും അപ്രതീക്ഷിതമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍, മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ദിയ എന്നിവർ ഉൾപ്പടെ 23 പുതുമുഖങ്ങളെ ഉൾപ്പെടുത്തി മോദിയുടെ 43 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുകയാണ്. കർണാടകയിൽ നിന്നുള്ള വനിതാ നേതാവ് ശോഭ കരന്ദലജെ, മഹിളാ മോർച്ച ഉപാധ്യക്ഷ മീനാക്ഷി ലേഖി തുടങ്ങി നിരവധി പുതുമുഖങ്ങളാണ് മന്ത്രിസഭയിലെത്തുക.

Content Highlights: Ravi Shankar Prasad, Prakash Javadekar, Cabinet reshuffle