ശബരിമല വികാരം പെട്ടെന്ന് അണയില്ല: കെ സുരേന്ദ്രന്‍

single-img
21 March 2021

ശബരിമലയുമായി ബന്ധപ്പെട്ട് സംസ്ഥാനതുയര്‍ന്ന വികാരം പെട്ടെന്ന് അണയില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ മുന്‍പുണ്ടായിരുന്ന നിലപാട് മാറ്റിയെങ്കില്‍ പിണറായി വിജയന് അത് വ്യക്തമാക്കാമായിരുന്നെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം മാറ്റാന്‍ തയ്യാറെന്ന് പറഞ്ഞാല്‍ വിഷയത്തില്‍ വ്യക്തത വന്നേനെ. പക്ഷെ ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാട് ശരിയാണെന്ന ദുരഭിമാനബോധമാണ് അവരെ നയിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേപോലെ തന്നെ, മഞ്ചേശ്വരത്ത് അപരന്മാരെ ഉപയോഗിച്ച് തന്നെ തോല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നതായും കെ സുരേന്ദ്രന്‍ ആരോപിച്ചു. മഞ്ചേശ്വരത്ത് രാഷ്ട്രീയസമ്മര്‍ദ്ദത്തെ തുടര്‍ന്ന് അപരന്‍ നല്‍കിയ പത്രിക സ്വീകരിച്ചെന്നും സുരേന്ദ്രന്‍ പറയുന്നു. ഈ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിനെ പിന്തുണയക്കില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ശക്തമായ മത്സരം നടക്കുന്ന നേമം മണ്ഡലത്തില്‍ ഇടതുമുന്നണിയെ പരാജയപ്പെടുത്തി നിയമസഭയില്‍ വരാന്‍ കഴിയുന്നത് ബിജെപിക്കാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മണ്ഡലത്തില്‍ കോണ്‍ഗ്രസുകാരെ എന്‍എസ്എസ് സഹായിച്ചിട്ട് കാര്യമുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.