എകെജി സെന്ററിന്റെ പോഷകസംഘടനയല്ല ചലച്ചിത്ര അക്കാദമി: രമേശ് ചെന്നിത്തല

single-img
12 January 2021

ഇടതുപക്ഷ അനുഭാവികളെ സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ സ്ഥിരപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട അക്കാദമി ചെയർമാൻ കമലിന്റെ നടപടി തൊഴിൽ രഹിതരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സ്ഥാപനത്തിലെ കരാർ ജീവനക്കാർ ഇടതുപക്ഷ അനുഭാവികൾ ആണ് എന്നും അവരെ സ്ഥിരപ്പെടുത്തിയാൽ അക്കാദമിയുടെ ഇടതു പക്ഷ സ്വഭാവം നിലനിർത്താൻ സാധിക്കും എന്നുമാണ് കമൽ പറയുന്നത്. ഭരണം അവസാനിക്കാറായപ്പോൾ കടുംവെട്ട് നടത്തുകയാണ് പിണറായി സർക്കാർ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ പ്രസ്താവന പൂർണ്ണരൂപം വായിക്കാം:

ഇടതുപക്ഷ അനുഭാവികളെ ചലച്ചിത്ര അക്കാദമിയിൽ സ്ഥിരപ്പെടുത്തണം എന്ന് സർക്കാരിനോട് എഴുതി ആവശ്യപ്പെട്ടിരിക്കുകയാണ് അക്കാദമി ചെയർമാൻ കമൽ. അക്കാദമിയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ഡയറക്ടർ, പ്രോഗ്രാം മാനേജർ എന്നീ തസ്തികകളിൽ നാലു കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാണ് കമലിന്റെ ശുപാർശ.

തൊഴിൽ രഹിതരായ ലക്ഷങ്ങളുള്ള നാട്ടിൽ കമലിന്റെ ആവശ്യം ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണ്. ചലച്ചിത്ര അക്കാദമി ജനങ്ങളുടെ നികുതിപ്പണം ഉപയോഗി്ച്ച് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമാണ്. ചലച്ചിത്ര അക്കാദമി എകെജി സെന്ററിന്റെ പോഷകസംഘടനയല്ല. കമലിന്റെ മാതൃക മറ്റുള്ളവരും പിന്തുടർന്നാൽ കേരളത്തിൽ പിന്നെ പി എസ് സി യുടെ ആവശ്യമില്ല.

പി എസ് സി റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കി ഇടതുപക്ഷക്കാരെ സർക്കാർ സർവീസിൽ കുത്തിനിറയ്ക്കുകയാണ് ഇടതു സർക്കാർ. ഒപ്പം സ്വപ്ന സുരേഷിനെപ്പോലെ പത്താംക്ലാസ് മാത്രം പാസായ ഇഷ്ടക്കാർക്ക് ലക്ഷങ്ങളുടെ ശമ്പളമുള്ള തൊഴിലും ഉറപ്പുവരുത്തുന്നു.

കരാർ ജീവനക്കാർ ഇടതുപക്ഷ അനുഭാവികൾ ആണ് എന്നും അവരെ സ്ഥിരപ്പെടുത്തിയാൽ അക്കാദമിയുടെ ഇടതു പക്ഷ സ്വഭാവം നിലനിർത്താൻ സാധിക്കും എന്നുമാണ് കമൽ പറയുന്നത്. അനധികൃതമായി നിയമനം ലഭിക്കേണ്ടവർ ഇടതു അനുകൂലികൾ ആണ് എന്ന് പറഞ്ഞാൽ മാത്രമേ നിയമനം ലഭിക്കൂ എന്ന് അദ്ദേഹത്തിനു അറിയാം. സമാനമായ രീതിയിലാണ് കെൽട്രോൺ, കില, തുടങ്ങിയ മറ്റു സ്ഥാപനങ്ങളിലും നിയമനങ്ങൾ നടക്കുന്നത്. ഭരണം അവസാനിക്കാറായപ്പോൾ കടുംവെട്ട് നടത്തുകയാണ് പിണറായി സർക്കാർ.