കാർഷിക നിയമഭേദഗതി നിർത്തിവെച്ചില്ലെങ്കിൽ ഞങ്ങൾ സ്റ്റേ ചെയ്യും ; കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

single-img
11 January 2021

കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് നിര്‍ത്തിവെച്ചില്ലെങ്കിൽ തങ്ങൾക്ക് അത് സ്റ്റേ ചെയ്യേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാരിനോട്  സുപ്രീം കോടതി. സമരം നേരിട്ട കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നിരീക്ഷണം.

“നിരവധി ആളുകൾ ആത്മഹത്യ ചെയ്തു. വൃദ്ധരും സ്ത്രീകളുമടക്കമുള്ളവർ സമരരംഗത്താണ്. എന്താണ് സംഭവിക്കുന്നത്? കാർഷികനിയമങ്ങൾ നല്ലതാണെന്ന് പറഞ്ഞ് ഒരു ഹർജി പോലും ഫയൽ ചെയ്യപ്പെട്ടിട്ടില്ല” കോടതി നിരീക്ഷിച്ചു.

കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമർശിച്ച കോടതി പല സംസ്ഥാനങ്ങളിൽ നിന്നും ബില്ലിനെതിരെ രംഗത്ത് വന്നതും ചൂണ്ടിക്കാട്ടി.

പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് സാധിക്കുന്നില്ല എന്നു പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്.  പല സംസ്ഥാനങ്ങളും എതിർക്കുന്ന നിയമങ്ങളിൽ എന്തു കൂടിയാലോചന നടന്നു എന്നാണ് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്. 

പ്രതിഷേധത്തിന് ഞങ്ങള്‍ എതിരല്ല. നിയമം സ്റ്റേ ചെയ്യുകയാണെങ്കില്‍ പ്രതിഷേധക്കാരുടെ ആശങ്ക ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. നിയമഭേദഗതിയില്‍ വകുപ്പുകള്‍ തിരിച്ച് ചര്‍ച്ചകള്‍ വേണമെന്ന് സര്‍ക്കാരും നിയമഭേഗതി അപ്പാടെ പിന്‍വലിക്കണമെന്ന് കര്‍ഷകരും ആവശ്യപ്പെടുന്നതായാണ് തങ്ങള്‍ മനസ്സിലാക്കുന്നതെന്നും കോടതി പറഞ്ഞു.

കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നത്.  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 3 അംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഇതിനകം വലിയ വിവാദമായ നിയമങ്ങൾ തൽക്കാലം നടപ്പാക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. ഇത്രയും കാലം നടത്തിയ ചര്‍ച്ചകൾ ഫലം കണ്ടിട്ടില്ല. സമരം ഇങ്ങനെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല. അതുകൊണ്ട് പ്രശ്ന പരിഹാരത്തിനുള്ള നിര്‍ദ്ദേശങ്ങളെല്ലാം പരിഗണിക്കാൻ വിദഗ്ധരുടെ സമിതി രൂപീകരിക്കാം എന്ന നിര്‍ദ്ദേശവും സുപ്രീം കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. 

സര്‍ക്കാരിനെതിരെ കോടതിൽ നിന്ന് രൂക്ഷ വിമര്‍ശനം ഉയരുമ്പോഴും നിയമം നടപ്പാക്കരുതെന്ന നിലപാടുമായി മുന്നോട്ട് പോകരുതെന്ന ആവശ്യമാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചത്. മനുഷ്യാവകാശ ലംഘനമില്ലാത്തതിനാൽ സ്റ്റേ ചെയ്യരുതെന്ന് അറ്റോര്‍ണി ജനറൽ കോടതിയിൽ വാദിച്ചു. ഭരണഘടനാ ലംഘനവും നിയമത്തിലില്ല, മാത്രമല്ല  കർഷകർ ചർച്ച തുടരാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞു. കാർഷികനിയമഭേദഗതിക്ക് നടപടി തുടങ്ങിയത് മുൻ സർക്കാരെന്നും എജി വിശദീകരിച്ചു. പഴയ സർക്കാർ തീരുമാനിച്ചു എന്നത് ഈ സർക്കാരിനെ രക്ഷിക്കില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു. 

Content: Supreme Court slams Centre over farm protests