ലിവിംഗ് ടുഗദർ, ലൈസൻസില്ലാത്ത മദ്യപാനം: ഇസ്ലാമിക നിയമങ്ങളിൽ കാതലായ മാറ്റങ്ങളുമായി യുഎഇ

single-img
8 November 2020
UAE Living together

രാജ്യത്തെ ഇസ്ലാമിക വ്യക്തിഗത നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി യുഎഇ(UAE). മദ്യപാനം(Alcohol consumption), അനന്തരാവകാശം(Inheritance), വിവാഹം(Marriage), വിവാഹമോചനം(Divorce), ലിവിംഗ് ടുഗദർ (Cohabitation of unmarried couples) തുടങ്ങി നിരവധി നിയമങ്ങളിൽ യുഎഇ മാറ്റം കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. ഏറെക്കാലമായി തുടർന്നു വന്നിരുന്ന നിയമങ്ങളാണ് ഭരണകൂടം പൊളിച്ചെഴുതാൻ ഒരുങ്ങുന്നത്.

ലിവിംഗ് ടുഗദറിനുള്ള അനുമതിയാണ് പുതിയ നിയമങ്ങളിൽ ശ്രദ്ധേയം. അവിവാഹിതരായ സ്ത്രീ പുരുഷന്മാർ ഒരുമിച്ച് കഴിയുന്നത് ((cohabitation of unmarried couples)) നിലവിൽ നിയമവിരുദ്ധമാണ്. എന്നാലിനിമുതൽ ഇത്തരത്തിൽ ഒരുമിച്ച് കഴിയുന്നതിന് നിയമതടസമില്ല.

ഇനി മദ്യപിക്കാൻ ലൈസൻസ് (liquor license) ആവശ്യമില്ല. അതേസമയം, മദ്യപാനം സ്വകാര്യമായിട്ടോ ലൈസൻസുള്ള ഇടങ്ങളിലോ ആകണം. 21 വയസ് തികഞ്ഞവർക്ക് മദ്യപിക്കാം. അതും കുറ്റകരമല്ല. മുൻപ് മുസ്ലീങ്ങൾക്ക് മദ്യപാനത്തിനുള്ള ലൈസൻസ് ലഭിക്കുമായിരുന്നില്ല. ഇനിമുതൽ മുസ്ലീങ്ങൾക്ക് മദ്യപിക്കുന്നതിന് നിയമതടസ്സങ്ങളില്ല.



ദുരഭിമാനക്കൊലകൾക്ക് (honour killings) നൽകിയിരുന്ന ശിക്ഷയിളവ് നിർത്തലാക്കിയതാണ് മറ്റൊരു ശ്രദ്ധേയമായ മാറ്റം. തന്റെ കുടുംബത്തിലെ സ്ത്രീ കുടുംബത്തിന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന എന്തെങ്കിലും പ്രവൃത്തികളിലേർപ്പെട്ടാൽ അവരെ കൊലപ്പെടുത്താനുള്ള അവകാശമുണ്ടായിരുന്നു. അത്തരം കൊലപാതകങ്ങൾക്കും ആക്രമണങ്ങൾക്കും നിയമപരമായ നടപടികൾ ഉണ്ടായിരുന്നില്ല. വ്യാപക വിമർശനങ്ങൾക്കിടയാക്കിയിരുന്ന ഈ “ഇളവും” എടുത്ത് കളഞ്ഞിട്ടുണ്ട്.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് കഠിന ശിക്ഷ നൽകും. പ്രായപൂർത്തിയാകാത്ത കുട്ടികളെയോ മാനസിക വെല്ലുവിളി നേരിടുന്നവരെയോ ബലാത്സംഗത്തിന് ഇരയാക്കുന്നവർക്ക് വധശിക്ഷ ലഭിക്കും.

വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവ സംബന്ധിച്ച് വിദേശികൾക്ക് അവരുടെ രാജ്യത്തെ നിയമപ്രകാരം തീരുമാനമെടുക്കാനുള്ള അവകാശം നൽകാനും തീരുമാനമായിട്ടുണ്ട്.

വിദേശ നിക്ഷേപങ്ങളും ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് പുതിയ നിയമങ്ങൾ നടപ്പിൽ വരുത്തുന്നത്.

Content: UAE announces relaxing of Islamic laws; Permits Alcohol Consumption, Cohabitation of Unmarried couples and much more