പഞ്ചാബില്‍ ആറു വയസുകാരിക്ക് പീഡനം; കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കാത്തത് രാഷ്ട്രീയ നേട്ടമില്ലാത്തതിനാല്‍: നിര്‍മല സീതാരാമന്‍

single-img
24 October 2020

പഞ്ചാബില്‍ ആറു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കാത്തതില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രതിപക്ഷമായ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പേരെടുത്ത് പറഞ്ഞായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

തങ്ങള്‍ക്ക് രാഷ്ട്രീയ നേട്ടം ലഭിക്കുന്ന വേറെതെങ്കിലും സ്ഥലമായിരുന്നെങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശനം നടത്തിയേനെയെന്ന് അവര്‍ ആരോപിച്ചു. ‘പഞ്ചാബില്‍ ജോലി ചെയ്യാനായി വന്ന ബീഹാര്‍ സ്വദേശിയുടെ ആറുവയസ്സുള്ള മകളാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കൊല ചെയ്ത ശേഷം പാതി കത്തിയ നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ സംഭവം മറ്റെവിടെയെങ്കിലും ആയിരുന്നെങ്കില്‍ കോണ്‍ഗ്രസിലെ സഹോദരനും സഹോദരിയും ഓടിയെത്തിയേനെ. രാഷ്ട്രീയ നേട്ടമുണ്ടാകുമല്ലോ’- നിര്‍മ്മല പറഞ്ഞു.

കഴിഞ്ഞ മാസത്തില്‍ ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി സര്‍ക്കാരിനെതിരെ രാഹുലും പ്രിയങ്കയും രൂക്ഷ വിമര്‍ശനമുയര്‍ത്തുകയും അവിടം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.