കൊവിഡ് വാക്‌സിന്‍ മാര്‍ച്ചില്‍ നൽകി തുടങ്ങുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

single-img
17 October 2020

കൊവിഡ് പ്രതിരോധ വാക്‌സിന്‍ മാര്‍ച്ച് 2021 മുതല്‍ നല്‍കി തുടങ്ങുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. മാര്‍ച്ചില്‍ പ്രതിരോധ വാക്‌സിന്‍ തയ്യാറാകുമെന്നും പരീക്ഷണം പ്രതീക്ഷിച്ചതിലും കൂടുതല്‍ വേഗത്തില്‍ മുന്നോട്ടുപോകുന്നുണ്ടെന്നുമാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറയുന്നത്. പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ വളരെ വേഗത്തിൽ നടക്കുകയാണെങ്കിലും സര്‍ക്കാറിന്റെ അനുമതി ലഭിക്കാന്‍ കാലതാമസം എടുക്കും. ഡിസംബറോടുകൂടി തന്നെ വാക്‌സിന്‍ തയ്യാറാകുമെങ്കിലും മാർച്ചിൽ വിപണിയിലെത്തിക്കാന്‍ കഴിയുമെന്നതാണ് പ്രതീക്ഷിക്കുന്നത്.

മാര്‍ച്ചോടുകൂടി ഏകദേശം ഏഴ് കോടി ഡോസ് ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു. ആര്‍ക്കൊക്കെ വാക്‌സിന്‍ നല്‍കണമെന്നത് സര്‍ക്കാറിന്റെ തീരുമാനമായിരിക്കും.

കോവിഡ് പ്രതിരോധത്തിൻ്റെ മുൻനിര പ്രവർത്തകരിൽനിന്നുമാകും കോവിഡ് വാക്സിൻ നൽകുവാൻ ആരംഭിക്കുക. തുടർന്ന് 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ആലോചിക്കുന്നത്. അതിന് ശേഷമായിരിക്കും മറ്റുള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുക.

ലോകത്ത് വാക്സിൻ കണ്ടെത്താനുള്ള പരീക്ഷണങ്ങളെല്ലാം അവസാന ഘട്ടത്തിലാണ്. അടുത്തവര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ വാക്‌സിന്‍ എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നതെങ്കിലും ഈ വര്‍ഷം അവസാനത്തോടെ മൊഡേണ പോലുള്ളവ എത്തുമെന്നാണ് മരുന്ന് കമ്പനികളുടെ പ്രതീക്ഷ. ഫൈസർ നിര്‍മ്മിക്കുന്ന വാക്‌സിനും ഈ മാസം അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ്ഗ്‌സ് അഡ്മിനിസ്‌ട്രേഷൻ്റെ അനുമതിക്ക് അയക്കും എന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ 182 വാക്‌സിന്‍ നിര്‍മ്മാതാക്കളാണ് പ്രീ-ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. ഇതില്‍ 36 എണ്ണം ക്ലിനിക്കല്‍ ഘട്ടത്തിലും ഒന്‍പതെണ്ണം മനുഷ്യരിലെ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലുമാണ്.