റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്സിന്‍ ഇന്ത്യയ്ക്ക് ലഭിക്കുമോ?

single-img
25 August 2020

റഷ്യയുടെ വികസിപ്പിച്ച കൊവിഡിനെതിരെയുള്ള പ്രതിരോധ വാക്സിനായ ‘സ്പുട്നിക് V ‘ ഇന്ത്യയിലേക്ക് എത്തുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇപ്പോള്‍ ഇതാ, ഈ വിഷയത്തില്‍ റഷ്യയുമായി ചർച്ചകൾ നടക്കുന്നതായി ഇന്ത്യയുടെ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നു.

ഇന്ത്യ ആവശ്യപ്പെട്ട പ്രകാരം വാക്സിനെ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ റഷ്യ കൈമാറിയതായി ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ മാധ്യമങ്ങളെ അറിയിച്ചു. ഈ മാസം 11നായിരുന്നു റഷ്യൻ പ്രധാനമന്ത്രി വ്ലാഡിമിർ പുടിൻ സ്പുട്നിക് വാക്സിന് അംഗീകാരം നൽകിയത്.

അങ്ങിനെ നോക്കിയാല്‍ ലോകത്ത് ആദ്യമായി ഒരു കൊവിഡ് വാക്സിന് അംഗീകാരം നൽകുന്ന രാജ്യമാണ് റഷ്യ. ഈ മാസം അവസാനത്തോടെ വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കി തുടങ്ങുമെന്നാണ് റഷ്യ വ്യക്തമാക്കുന്നത്. പക്ഷെ ഇപ്പോഴും റഷ്യൻ വാക്സിൻ എത്രത്തോളം സുരക്ഷിതമാണെന്നും വാക്സിന്റെ ഗവേഷണങ്ങളെ പറ്റിയുള്ള ശാസ്ത്രീയ വിവരങ്ങളും പുറത്ത് വിടണം എന്നുമാണ് ശാസ്ത്രലോകം ആവശ്യപ്പെടുന്നത്.

എന്നാൽ, റഷ്യ കണ്ടുപിടിച്ച വാക്സിൻ സുരക്ഷിതമാണെന്നും തന്റെ മകളിൽ തന്നെ പരീക്ഷണം നടത്തിയതായും പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പറഞ്ഞിരുന്നു. റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലെ സംസ്ഥാന ഗവേഷണ കേന്ദ്രമായ ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോള്‍ തന്നെ കോവിഡ് 19 പ്രതിരോധ വാക്സി​​ന്റെ ക്ലിനിക്കല്‍ പരീക്ഷണഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്​. വിതരണത്തിന്റെ ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ക്കും അധ്യാപകര്‍ക്കുമായിരിക്കും വാക്സിന്‍ നല്‍കുകയെന്നും ആരോഗ്യമന്ത്രി മിഖായേല്‍ മുറഷ്​കോ പറഞ്ഞതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്തിരുന്നു.