കുഞ്ഞാലിക്കുട്ടി എംപിസ്ഥാനം രാജിവയ്ക്കുമെന്നു സൂചന: അടുത്ത യുഡിഎഫ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം

single-img
6 March 2020

മുസ്ലീം ലീഗ് മുതിർന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവയ്ക്കുവാൻ തയ്യാറാകുന്നുവെന്ന് സൂചന. മീഡിയ വൺ ആണ് ഇതു സംബന്ധിച്ച വാർത്ത പുറത്തു വിട്ടത്. സംസ്ഥാനത്തെ പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ ആഗ്രഹത്തിന് മുസ്‍ലിം ലീഗ് നേതൃത്വത്തിലുണ്ടായിരുന്ന എതിര്‍പ്പ് കുറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. 

കുഞ്ഞാലിക്കുട്ടി മടങ്ങി വരുന്നതിനോട് പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി തങ്ങള്‍ ഇനിയും അനുകൂലമായി പ്രതികരിച്ചിട്ടില്ലെങ്കിലും പി.വി അബ്ദുല്‍ വഹാബ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രത്യക്ഷത്തില്‍ എതിര്‍ക്കില്ലെന്ന സ്ഥിതിയാണുള്ളത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കാര്യങ്ങള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ യുഡിഎഫിന്‍റെ ദൈനംദിന കാര്യങ്ങളില്‍ കുഞ്ഞാലിക്കുട്ടി സജീവമായിക്കഴിഞ്ഞുവെന്നും  യു.ഡി.എഫിലെ തന്‍റെ സ്ഥാനം ഓര്‍മ്മിപ്പിക്കും വിധമുള്ള ചില ഇടപെടലുകള്‍ പി.കെ കുഞ്ഞാലിക്കുട്ടി അടുത്തിടെ നടത്തിയത് ഇതിന്‍റെ ഭാഗമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. 

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പോ ശേഷമോ എം.പി സ്ഥാനം രാജിവെക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ ആലോചന. പാര്‍ട്ടിയില്‍ കുഞ്ഞാലിക്കുട്ടി പക്ഷക്കാരനും മണ്ണാര്‍ക്കാട് എം.എല്‍.എയുമായ അഡ്വ. എന്‍.ഷംസുദ്ദീനെ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാനാണ് സാധ്യത. യു.ഡി.എഫിന് അധികാരം ലഭിച്ചാല്‍ ഉപമുഖ്യമന്ത്രിയാവുക എന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യമെന്നും മീഡിയ വൺ ചൂണ്ടിക്കാട്ടുന്നു. 

കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കുന്നതിനോട് ഹൈദരലി തങ്ങള്‍ക്കും വഹാബ് അടക്കമുള്ള നേതാക്കള്‍ക്കും നേരത്തേ മുതല്‍ വിയോജിപ്പായിരുന്നു. നിലപാടില്‍ കുഞ്ഞാലിക്കുട്ടി ഉറച്ചു നില്‍ക്കുകയും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വഴി സമ്മർദ്ദം ചെലുത്തുകയും ചെയ്തെങ്കിലും നേതാക്കള്‍ ആദ്യം വഴങ്ങിയിരുന്നില്ല. എന്നാൽ  കെ.എം മാണി മരിക്കുകയും കേരള കോണ്‍ഗ്രസിലെ ഭിന്നത അടക്കമുള്ള പ്രശ്നങ്ങള്‍ മുന്നണിക്ക് കീറാമുട്ടിയായി മാറുകയും ചെയ്തതോടെ കുഞ്ഞാലിക്കുട്ടിയെ പോലെ ഒരു നേതാവ് സംസ്ഥാനത്ത് ആവശ്യമാണെന്ന തോന്നല്‍ പൊതുവെ യു.ഡി.എഫില്‍ ഉണ്ടാകുകയായിരുന്നു. മാത്രമല്ല മടങ്ങിവരണമെന്ന നിലപാടില്‍ കുഞ്ഞാലിക്കുട്ടി ഉറച്ച് നില്‍ക്കുക കൂടി ചെയ്തതോടെ വഹാബ് അടക്കമുള്ള നേതാക്കള്‍ അയയുകയായിരുന്നുവെന്നാണ് സൂചന.