നിര്‍ഭയ : വധശിക്ഷ പ്രത്യേകം നടപ്പാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഹർജിയിൽ ഇന്ന് വിധി

single-img
5 February 2020

ഡല്‍ഹി : നിർഭയ കേസിൽ കുറ്റവാളികളുടെ മരണവാറന്റ് സ്റ്റേ ചെയ്ത ഉത്തരവ് ചോദ്യംചെയ്ത് സമർപ്പിച്ച ഹർജിയിൽ ഡല്‍ഹി
ഹൈക്കോടതി ഇന്ന് വിധി പറയും. ഡല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവ് ചോദ്യംചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഹര്‍ജി നല്‍കിയത്‌. ദയാഹർജികൾ തള്ളിയവരെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഉച്ചയ്ക്ക് 2.30 നാണ് വിധി പറയുക. പ്രതികളെ ഒരുമിച്ചു തൂക്കിലേറ്റണം എന്ന നിയമം നിലനിൽക്കില്ലെന്നും ഒരിക്കൽ സുപ്രീംകോടതി തീർപ്പ് കൽപ്പിച്ച കേസില്‍ പ്രത്യേകം ശിക്ഷ നടപ്പാക്കുന്നതിന് തടസം ഇല്ലെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ പ്രധാന വാദം.

ശിക്ഷ വൈകിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമായേക്കുമെന്നും ദയാഹര്‍ജികള്‍ തള്ളപ്പെട്ട പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിടണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാർ മേത്ത ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജയിൽച്ചട്ടം പ്രകാരം ഒരേ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളുടെ വധശിക്ഷ ഒന്നിച്ചേ നടപ്പാക്കാൻ കഴിയൂ എന്ന പ്രതിപക്ഷത്തിന്റെ വാദത്തിന്മേലാണ് ഇന്ന് സർക്കാർ വ്യക്തത വരുത്തുക.