സംസ്ഥാന ആരോ​ഗ്യമന്ത്രിക്ക് വിദേശ അം​ഗീകാരം: മന്ത്രി കെ കെ ശൈലജയ്ക്ക് വിസിറ്റിങ് പ്രൊഫസര്‍ പദവി

single-img
4 January 2020

കേരളത്തിന്‍റെ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇനി വിസിറ്റിങ് പ്രൊഫസര്‍. മോള്‍ഡോവയിലെ ദേശീയ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയായ നിക്കോള്‍ ടെസ്റ്റിമിറ്റാണു സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്റ് ഫാര്‍മസിയാണ് കേരളത്തില്‍ നിന്നുള്ള മന്ത്രിക്ക് വിസിറ്റിങ് പ്രൊഫസര്‍ പദവി നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്തിന്റെ ആരോഗ്യ രംഗത്തിന് ലഭിക്കുന്ന വലിയൊരു അംഗീകാരമാണ് ഈ ബഹുമതിയെന്ന് മന്ത്രി പ്രതികരിച്ചു. ഈ നേട്ടത്തിലൂടെ കേരളത്തിന്‍റെ ആരോഗ്യ മേഖലയുടെ പുരോഗതി ലോകത്തിന് മുന്നിലെത്തിക്കാനും വിദേശരാജ്യങ്ങളിലെ ആരോഗ്യ രംഗത്തെ മാറ്റങ്ങള്‍ നമുക്കടുത്തറിയാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിപ വൈറസ് പ്രതിരോധം ഉള്‍പ്പെടെ കേരളം ആരോഗ്യ മേഖലയില്‍ ലോകത്തിന് മാതൃകയാകുന്ന പ്രവര്‍ത്തനം കാഴ്ചവച്ചതിനുള്ള ബഹുമാന സൂചകമായിട്ടാണ് പദവി നല്‍കിയതെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു. ഇത്തരത്തില്‍ ഒരു ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ വ്യക്തി കൂടിയാണ് കെ കെ ശൈലജ. ഈ വര്‍ഷം നവംബര്‍ മാസത്തില്‍ മോള്‍ഡോവ സന്ദര്‍ശന വേളയില്‍ മോള്‍ഡോവ ദേശീയ മെഡിക്കല്‍ സര്‍വകലാശാലയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി മന്ത്രി പ്രഭാഷണം നടത്തിയിരുന്നു.

ഇതിലെ സംഭാഷണത്തില്‍ നിപ പ്രതിരോധത്തിലും പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ നേരിടുന്നതിലും കേരളത്തിന്റെ ആരോഗ്യ മേഖല സ്വീകരിച്ച നടപടികളാണ് പ്രധാനമായും പങ്കുവെച്ചത്.അതോടൊപ്പം കേരളം എങ്ങിനെ ആരോഗ്യ നിലവാരം എങ്ങനെ ലോകനിലവാരമാക്കി എന്നതുസംബന്ധിച്ചും സംസാരിച്ചു. സര്‍വകലാശാലാ ചാന്‍സലര്‍ ഡോ. എമില്‍ സെബാന്‍, സര്‍വകലാശാലാ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവവര്‍ മന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.