ഇടുക്കിയിൽ റിസോർട്ടിനു സമീപം മൃതദേഹം കുഴിച്ചുമൂടിയനിലയിൽ

single-img
7 November 2019

ഇടുക്കി ജില്ലയിലെ ശാന്തൻപാറയിൽ റിസോർട്ടിന് സമീപം കുഴിച്ചുമൂടിയ നിലയിൽ യുവാവിന്റെ മൃതദേഹം. മൃതദേഹം പകുതി കത്തിക്കരിഞ്ഞനിലയിലാണ് കണ്ടെത്തിയത്.

ഒരാഴ്ച മുൻപ് കാണാതായ യുവാവിനായുള്ള തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. പുത്തടി സ്വദേശി റിജോഷിനെ(32) യാണ് കാണാതായത്. കഴിഞ്ഞ നാലുദിവസമായി റിജോഷിന്റെ ഭാര്യ ലിജിയെയും വീടിനു സമീപത്തുള്ള മഷ്രൂം ഹട്ട് എന്ന റിസോർട്ടിന്റെ മാനേജർ വസീമിനെയും കൂടി കാണാതായതോടെയാണ് ബന്ധുക്കളും പൊലീസും തെരച്ചിൽ ഊർജ്ജിതമാക്കിയത്.

റിസോർട്ടിന് സമീപം മണ്ണിളകിക്കിടക്കുന്നത് കണ്ട് ജെസിബി ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം റിജോഷിന്റേത് തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

കൊലപാതകമാണെന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം. റിജോഷിന്റെ ഭാര്യയും റിസോർട്ട് മാനേജരും ചേർന്ന് റിജോഷിനെ കൊലപ്പെടുത്തിയതാകാമെന്നാണ് കരുതപ്പെടുന്നത്. റിജോഷിനെ കാണാതായി രണ്ടു ദിവസം കഴിഞ്ഞപ്പോൾ വസീം ഒരു ജെസിബി വിളിച്ച് റിസോർട്ടിന്റെ ഒരു ഭാഗത്ത് മണ്ണ് ഇട്ട് നിരത്തിയിരുന്നു. ചത്ത പശുവിനെ കുഴിച്ചിട്ട സ്ഥലത്തെ ദുർഗന്ധം ഒഴിവാക്കാനാണിതെന്നായിരുന്നു ഇയാൾ പരിസരത്തുള്ളവരോട് വിശദീകരിച്ചത്.

ശാന്തൻപാറ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റിസോർട്ട് പരിസരത്ത് അന്വേഷണം തുടരുകയാണ്.